
ദില്ലി: 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ പരാജയം സമ്മതിച്ച് കീഴടങ്ങൽ കരാറിൽ ഒപ്പുവെക്കുന്ന പ്രശസ്തമായ ചിത്രം ദില്ലിയിലെ റെയ്‌സിന ഹില്ലിലുള്ള ഓഫീസിൽ നിന്ന് നീക്കം ചെയ്തതിനെ കുറിച്ച് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിശദീകരിച്ചു. നീക്കിയ ചിത്രത്തിന് പകരം 'കരം ക്ഷേത്ര' എന്ന പേരിലുള്ള പുതിയ പെയിന്റിങ്ങാണ് സ്ഥാപിച്ചത്. പാക് കീഴടങ്ങൾ ചിത്രം നീക്കിയതിൽ മുൻ സൈനികരിൽ നിന്ന് രൂക്ഷമായ വിമർശനം നേരിട്ടിരുന്നു.
സൈനിക മേധാവിയുടെ ഓഫീസിലെ വിശ്രമമുറിയുടെ ചുമരിൽ പാക്കിസ്ഥാൻ്റെ കീഴടങ്ങലിൻ്റെ ചിത്രം ഉണ്ടായിരുന്നു. ഡിസംബറിൽ ഇത് അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി എടുത്തു മാറ്റി. പിന്നീട് സൈനിക മേധാവിയുടെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പകരം മനേക് ഷാ കൺവെൻഷൻ സെൻ്ററിലേക്ക് മാറ്റുകയും പുതിയ പെയിന്റിങ് സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ സുവർണ്ണ ചരിത്രത്തിന് മൂന്ന് അധ്യായങ്ങളുണ്ടെന്നും ബ്രിട്ടീഷ് കാലഘട്ടവും മുഗൾ കാലഘട്ടവും അതിനു മുമ്പുള്ള കാലഘട്ടവുമുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു. ഈ കാലഘട്ടത്തെ സൈന്യവുമായി ബന്ധിപ്പിക്കുകയാണ് പുതിയ ചിത്രത്തിലെന്നും ന്യായീകരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
28 മദ്രാസ് റെജിമെൻ്റിലെ ലെഫ്റ്റനൻ്റ് കേണൽ തോമസ് ജേക്കബ് ആണ് പുതിയ പെയിൻ്റിംഗ് വരച്ചതെന്നും സൈനിക മേധാവി പറഞ്ഞു. ലഡാക്കിലെ പാംഗോങ് തടാകത്തിന് ചുറ്റുമുള്ള മഞ്ഞുമൂടിയ പർവതങ്ങൾ, ഭഗവാൻ കൃഷ്ണൻ്റെ രഥം, ഹിന്ദു രാഷ്ട്രതന്ത്രജ്ഞനും തത്ത്വചിന്തകനുമായ ചാണക്യൻ, ഇന്ത്യൻ സൈന്യം എന്നിവയാണ് പുതിയ ചിത്രത്തിൽ. 1971 ലെ കീഴടങ്ങൽ ചിത്രം തൻ്റെ ഓഫീസിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും പെയിൻ്റിംഗ് മനേക് ഷാ സെൻ്ററിലെ വിശ്രമമുറിയിലാണെന്നും ജനറൽ ദ്വിവേദി പറഞ്ഞു.