നാല്‍പത്തിയഞ്ച് മിനിട്ട് നീണ്ടു നിന്ന പ്രസംഗം ഭരണപക്ഷവും സ്പീക്കറും പലപ്പോഴും തടസപ്പെടുത്തി. കരാറില്‍ എന്താണുള്ളതെന്ന് ഇനിയും പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ദില്ലി: ഇന്ത്യ യുഎസ് കരാറിലൂടെ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിറ്റെന്ന് രാഹുല്‍ ഗാന്ധി. ബിജെപിക്ക് സാമ്പത്തിക സഹായം നല്‍കുന്നയാള്‍ക്കെതിരായി അമേരിക്കയിലുള്ള കേസിന്‍റെ സമ്മര്‍ദ്ദത്തിലാണ് പ്രധാനമന്ത്രി കരാറിലേര്‍പ്പെട്ടതെന്നും ബജറ്റ് ചര്‍ച്ചയിൽ രാഹുല്‍ ആഞ്ഞ‌ടിച്ചു. രാഹുല്‍ കോമാളിത്തരം കാട്ടുകയായിരുന്നുവെന്നും എപ്സ്റ്റീനുമായി താന്‍ പ്രവര്‍ത്തിച്ച സന്നദ്ധ സംഘടനയിലൂടെ മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂവെന്നും രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി മറുപടി നല്‍കി.

ബജറ്റ് ചര്‍ച്ചയിലൂടെ രാഹുല്‍ ഗാന്ധി കടന്നു കയറിയത് ഇന്ത്യ യുഎസ് വ്യാപാര കരാറിലേക്കും എപ്സ്റ്റീന്‍ ഫയലിലെ നിഗൂഡതകളിലേക്കുമാണ്. നാല്‍പത്തിയഞ്ച് മിനിട്ട് നീണ്ടു നിന്ന പ്രസംഗം ഭരണപക്ഷവും സ്പീക്കറും പലപ്പോഴും തടസപ്പെടുത്തി. കരാറില്‍ എന്താണുള്ളതെന്ന് ഇനിയും പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ ഡേറ്റ, കാര്‍ഷിക മേഖല, സൈനിക ശക്തി ചെറുകിട ഇടത്തരം വ്യാപാര മേഖലകള്‍, സാങ്കേതിക രംഗം എല്സാം വിറ്റിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനി്ക്കെതിരെ അമേരിക്കയിലുള്ള കേസ് മോദിയെ സമ്മര്‍ദ്ദത്തിലാക്കി. ആ ഭയം മുഖത്തും കണ്ണുകളിലും നിഴലിക്കുന്നുണ്ട്. അമേരിക്കക്ക് നികുതി പൂജ്യവും ഇന്ത്യക്ക് ഇരട്ടിയോളവുമാക്കുന്ന, രാജ്യത്തിന്‍റെ ഭാവി തുലക്കുന്ന ഇത്തരമൊരു കരാറില്‍ ഒരു പ്രധാനമന്ത്രിയും ഏര്‍പ്പെടില്ലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

എപ്സ്റ്റിന്‍ ഫയല്‍ വിവാദവും രാഹുല്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വ്യവസായി അനില്‍ അംബാനിക്ക് എപ്സ്റ്റീനെ പരിചയപ്പെടുത്തിയതെന്ന ഫയലിലെ വിവരം രാഹുല്‍ സഭയില്‍ പരസ്യപ്പെടുത്തി. എന്തുകൊണ്ട് ഇരുവര്‍ക്കുമതിരെ കേസെടുക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.

സഭയിലില്ലാത്തവരുടെ പേരുകള്‍ ഉന്നയിച്ചതിലെ ക്രമപ്രശ്നവും ആരോപണങ്ങളിലെ ആധികാരികതയും ഭരണപക്ഷം ചോദ്യം ചെയ്തു. രേഖകള്‍ മേശപ്പുറത്ത് വയ്ക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ സന്നദ്ധ സ്ഥാപനത്തില്‍ ജോലി നോക്കിയ സമയത്ത് എപ്സ്റ്റീനെ കണ്ടിരുന്നെന്നും മെയ്കക്ക് ഇന്‍ ഇന്ത്യയടക്കം വികസന മോഡലുകള്‍ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ആരോപണത്തിന് ഇതാദ്യമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി മറുപടി നല്‍കി.

മുന്‍ കരസേന മേധാവി നരവനയുടെ പുസ്തക വിവാദം രാഹുല്‍ ഉന്നയിച്ചേക്കുമെന്നായിരുന്നു സൂചനകളെങ്കിലും ബജറ്റിനെ പിന്‍പറ്റി മറ്റ് വിഷയങ്ങള്‍ ഉന്നയിക്കുകയായിരുന്നു രാഹുല്‍. ഹര്‍ദീപ് സിംഗ് പുരിയെ ഇറക്കി പ്രതിരോധത്തിന് സര്‍ക്കാര്‍ തുനിഞ്ഞതും രാഹുലിന്‍റെ ആരോപണങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നതിന്‍റെ സൂചനയായി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming