
ദില്ലി: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിൽ ഇൻ്റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. കൊല്ലപ്പെട്ട ഭീകരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കരസേന പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം കൊറാഗ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് സൈനികർ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് സൈനികർ ഭീകരരെ നേരിടുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭീകരർ വെടിയുതിർത്തുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് ഉണ്ടായി. കൊല്ലപ്പെട്ട ഭീകരൻ നിരോധിത സംഘടനയായ ലഷ്കർ ഇ തൊയ്ബ അംഗമാണെന്ന് കരസേന തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടത് ലഷ്കർ ഇ തൊയ്ബ കമാൻഡർ ഫൗസി മൂസയാണെന്ന് റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിൽ നടന്ന വിവിധ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരനാണ് മൂസ. യൂസ്മാർഗിൽ സെപ്റ്റംബർ അഞ്ചിന് ഉണ്ടായ ഏറ്റുമുട്ടലിൽ മൂസ രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ മൂസയുടെ അടുത്ത സഹായി യാസിറിനെ കരസേന വധിച്ചിരുന്നു. അതേസമയം മേഖലയിൽ കൂടുതൽ ഭീകരർ ഉണ്ടോയെന്ന് കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam