Helicopter Crash : വരുൺ സിംഗിന്‍റെ നിലയില്‍ പുരോഗതി; ശുഭസൂചനയെന്ന് ഡോക്ടർമാർ അറിയിച്ചതായി കർണാടക മുഖ്യമന്ത്രി

By Web TeamFirst Published Dec 10, 2021, 10:10 AM IST
Highlights

വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടർമാർ  അറിയിച്ചതായും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. 

ബെംഗ്ലൂരു: കുനൂ‍ർ ഹെലികോപ്ടർ അപകടത്തില്‍ (Army Helicopter Crash) ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ (Varun Singh) ആരോഗ്യ നിലയില്‍ പുരോഗതി. വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടർമാർ  അറിയിച്ചതായും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. ആശുപത്രിയിലെത്തി ബസവരാജ് ബൊമ്മയ് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ വെൻ്റിലേറ്റർ സഹായത്തില്‍ തന്നെയാണ് വരുൺ സിംഗ്.

കൂനൂരിൽ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (General Bipin Rawat) അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്‍റെ തിരിച്ചുവരിവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്. വരുൺ  ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു.

Also Read: കണ്ണീരോടെ വിട; ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും സംസ്കാരം ഇന്ന്

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഒരു അപകടത്തിൽ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗധ്യമാണ് കഴിഞ്ഞ വർഷം ഉണ്ടായ എയര്‍ക്രാഫ്റ്റ് അപടത്തി നിന്നും വരുണ്‍ സിങിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോൾ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു.  എന്നാല്‍ തകരാ‍ർ മനസ്സിലാക്കിയ അദ്ദേഹം മനസ്സാന്നിധ്യം കൈവിടാതെ  ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി വലിയ അപകടം ഒഴിവാക്കി. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍സിങിന്‍റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചിരുന്നു.  വെല്ലിങ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേയാണ് വീണ്ടും അപകടം സംഭവിച്ചത്. 

Also Read: കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

click me!