Asianet News MalayalamAsianet News Malayalam

Bipin Rawat Death : കണ്ണീരോടെ വിട; ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും സംസ്കാരം ഇന്ന്

പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും.

cds gen bipin rawat and his wife madhulika rawat funeral in delhi cantonment on friday
Author
Delhi, First Published Dec 10, 2021, 6:54 AM IST

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും (CDS Bipin Rawat) ഭാര്യ മധുലിക റാവത്തിന്‍റെയും (Madhulika Rawat) സംസ്കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പൊതു ജനങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാം. ബ്രേഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ സംസ്കാരവും ഇന്ന് നടക്കും.രാവിലെ 9.15 നാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കുക.

അതേസമയം, ഹെലികോപ്റ്റർ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്റ്റേറ്റിൽ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തിൽ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംങ്ങിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

വിദഗ്ധ ചികിത്സ നൽക്കുന്നതിനായി വെല്ലിംങ്ങ്ടൺ സൈനിക ആശുപത്രിയിൽ നിന്ന് ഇന്നലെയാണ് ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് വരുൺ സിംങ്ങിനെ മാറ്റിയത്. കർണാടക ഗവർണർ തവർചന്ദ് ഗലോട്ട്, മുഖ്യമന്തി ബസവരാജ് ബൊമ്മയ് എന്നിവർ ബംഗ്ലൂരുവിലെ കമാൻഡ് ആശുപത്രിയിലെത്തി ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ സന്ദർശിച്ചിരുന്നു. വരുൺ സിങ്ങിന്റെ പിതാവ് റിട്ടേർഡ് കേണൽ എ കെ സിങ്ങ് അടക്കമുള്ള കുടുബാംഗങ്ങളും ബംഗ്ലൂരുവിലെത്തിയിട്ടുണ്ട്. സുലൂരിൽ നിന്ന് പ്രത്യേക എയർ ആംബുലൻസിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ഇന്നലെ ബംഗ്ലൂരുവിലെത്തിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്  രക്ഷപ്പെട്ടത്. 

ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും ഉള്‍പ്പെടുന്നു. അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻറെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻറെ കുടുംബം.

Follow Us:
Download App:
  • android
  • ios