Army Helicopter crash : കൂനൂർ ഹെലികോപ്റ്റർ ദുരന്തം; സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭായോ​ഗം വിളിച്ച് മോദി

By Web TeamFirst Published Dec 8, 2021, 5:41 PM IST
Highlights

രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. 

ദില്ലി: കൂനൂർ  (Coonoor) ഹെലികോപ്റ്റർ ദുരന്തത്തിന്റെ (Army Helicopter crash) പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യോ​ഗം വിളിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി വൈകിട്ട് 6.30-യ്ക്കാണ് ചേരുക. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍റെ വീട്ടിലെത്തി മകളെ കണ്ടു. അതേസമയം, മുംബൈയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി രാഷ്ട്രപതി ദില്ലിക്ക് മടങ്ങി. പ്രതിരോധ മന്ത്രി നാളെ പാര്‍ലമെന്‍റില്‍ വിശദമായ പ്രസ്താവന നടത്തും. കര വ്യോമസേനകള്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം തുടങ്ങി. 

രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും, അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ദുരന്തത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ കാത്തിരിക്കുകയാണ് രാജ്യം. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു.

Also Read: Army Helicopter crash : 'വലിയ ശബ്ദം കേട്ടു, എത്തിയപ്പോൾ കണ്ടത് കത്തുന്ന ഹെലിക്കോപ്ടർ'; പ്രദേശവാസിയുടെ വാക്കുകൾ

ദില്ലിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ദുരന്ത വാര്‍ത്ത കേട്ടത്. കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ 14 പേരുണ്ടായിരുന്നതിൽ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു.

സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടു. ഈ  സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. 

അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറി. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്‍റില്‍ ഇന്ന് തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. മുംബൈയില്‍ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി രാഷ്ട്രപതി ദില്ലിക്ക് മടങ്ങുക കൂടി ചെയ്യുമ്പോള്‍ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അല്‍പസമയത്തിനുള്ളില്‍ ഉന്നത തല സുരക്ഷ യോഗം  ചേരുന്നതും നിര്‍ണ്ണായക ഘട്ടത്തില്‍ തന്നെയാണ്.

അൽപസമയം മുമ്പ് സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാനും വിലയിരുത്താനും അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോൾ ഒരു ഉന്നതതലയോഗം ദില്ലിയിൽ നടക്കുകയാണ്. 

14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:

1. ജന. ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ

ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റർ സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. വെല്ലിംഗ്ടണിലെ സൈനികകോളേജിൽ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാൽ വെല്ലിംഗ്ടണിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റർ ദൂരത്ത് വച്ച് ഹെലികോപ്റ്റർ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റർ ഭൂമിയിലേക്ക് പതിച്ചത്. 

click me!