
ലേ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിന്റെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണൽ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതായാണ് സൈനിക വൃത്തങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം കേണൽ വെടിയുതിർക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
വെള്ളിയാഴ്ച ഇദ്ദേഹം ജോലിക്കിടെ തന്റെ സർവ്വീസ് റിവോൾവർ കൊണ്ട് തലയ്ക്ക് വെടിവച്ചെന്നാണ് വാർത്ത. ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഗ്രേറ്റർ കാശ്മീർ റിപ്പോർട്ട് ചെയ്യുന്നു. കേണൽ വെടിയുതിർത്തെന്ന കാര്യം സ്ഥിരീകരിച്ച സൈനിക വക്താവ് മരണ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
കേണൽ രോഹിത് സിങ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ സൈന്യത്തിന്റെ ക്വിക് റെസ്പോൺസ് ടീം ഇദ്ദേഹത്തെ ലെ യിലെ ആശുപത്രിയിൽ എത്തിച്ചുവെന്നാണ് സൈനിക വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ ജമ്മു കാശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
സമുദ്രനിരപ്പിൽ നിന്ന് 5400 മീറ്റർ ഉയരത്തിലുള്ള ഇവിടെ ഓക്സിജൻ വളരെ കുറവാണ്. ഓരോ തവണ ശ്വാസമെടുക്കുന്നതും വളരെയേറെ വേദനിപ്പിക്കും. സിയാച്ചിനിലെ അതിശൈത്യത്തിൽ ഇന്ത്യൻ ജവാന്മാർ നേരിടുന്ന വെല്ലുവിളികൾ ശത്രുക്കളുടെ വെടിയുണ്ടകളേക്കാളേറെ ശാരീരികപ്രശ്നങ്ങളാണ്. മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താഴാവുന്നതാണ് ഇവിടുത്തെ കാലാവസ്ഥ. അതിശൈത്യം മൂലമുണ്ടാകുന്ന ശാരീരിക വിഷമതകൾ മൂലം ഇവിടെ നിയോഗിക്കപ്പെടുന്ന സൈനികർക്ക് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരാറുണ്ട്. ഇതിന് പുറമെ വിഷാദരോഗം,വിഭ്രാന്തി,ഓർമ്മക്കുറവ്,അവ്യക്തമായ സംഭാഷണം, മസ്തിഷ്കത്തിലെ വെള്ളക്കെട്ട് മുതലായ രോഗങ്ങളും ചിലർക്കുണ്ടാകാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam