
ദില്ലി: അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി ചൈന. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. നരേന്ദ്ര മോദിയും ഷി ജിൻപിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് തീരുമാനം. ഇന്ന് ചേർന്ന കോർ കമാൻഡർ തല ചർച്ചയിലാണ് സൈനിക പിൻമാറ്റത്തിൽ ധാരണയായത്. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയിലെ പട്രോൾ പോയിന്‍റ് പതിനഞ്ചിൽ നിന്ന് പിൻമാറി തുടങ്ങി എന്നാണ് രണ്ടു രാജ്യങ്ങളും അറിയിച്ചത്.
പിൻമാറ്റം മെല്ലെ വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാവുമെന്നും പ്രസ്താവന പറയുന്നു. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗമാണ് ഇന്ന് നടന്നത്. ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു. അടുത്തയാഴ്ച ഷാങ്ഹായി സഹകരണ ഉച്ചകോടി ഉസ്ബെക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ്.
ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കണ്ടേക്കും എന്ന സൂചനകൾക്കിടെയാണ് അതിർത്തിയിലെ പിൻമാറ്റത്തെക്കുറിച്ചുള്ള ഈ അറിയിപ്പ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതിന്‍റെ സൂചന വരുന്നത്.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്, സുപ്രീംകോടതിയിൽ ഇന്ന് നടന്നത്, വാദം തുടരും
കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് വാദത്തിനിടെ പരാമർശിച്ചു. ടർബൻ സിഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്താക്കി. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു.
കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകൾക്ക് എതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ശബരിമല വിധി പുനനപരിശോധിക്കാനുള്ള വിശാല ബഞ്ചിനുമുമ്പാകെ വരുന്ന ചോദ്യങ്ങൾ വിഷയത്തിലുണ്ടെന്നും ഹർജിക്കാർ വാദിച്ചു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസന സമിതിയിൽ എംഎൽഎമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam