
മണാലി: രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ച. വിനോദ സഞ്ചാരികളുമായി എത്തിയ ആയിരത്തോളം വാഹനങ്ങൾ മഞ്ഞിൽ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങി. തുടർന്ന് മണിക്കൂറുകളോളം സഞ്ചാരികൾ വാഹനങ്ങളിൽ കുടുങ്ങി. ഒടുവിൽ അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
റോത്തഗിലെ അടൽ ടണലിനും സോളങ്കിനും ഇടയിലുള്ള പ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. അധികൃതർ നൽകുന്ന വിവരമനുസരിച്ച് ഏകദേശം ആയിരത്തോളം വാഹനങ്ങൾ ഇവിടെ നീണ്ട ഗതാഗത കുരുക്കിൽ അകപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാതെ വന്നതോടെ പൊലീസുകാർ രക്ഷാപ്രവർത്തനം തുടങ്ങി. എഴുന്നൂറോളം പേരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരെയും സഞ്ചാരികളെയും അവരുടെ വാഹനങ്ങളുമായി മുന്നോട്ട് നീങ്ങാൻ പൊലീസുകാർ സഹായിക്കുന്ന ദൃശ്യങ്ങളും പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രദേശിക അധികൃതരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി രംഗത്തുണ്ട്.
ക്രിസ്മസ് - പുതുവത്സര സീസണായതോടെ വലിയ തോതിൽ സഞ്ചാരികൾ പ്രവഹിക്കുന്നത് കാരണം മണാലിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രണ്ടാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം ഡിസംബർ എട്ടാം തീയ്യതിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന വിനോദ സഞ്ചാര മേഖല ഇപ്പോൾ പുതിയ പ്രതീക്ഷകളിലുമാണ്. യാത്ര ദുഷ്കരമാണെങ്കിലും മണാലിയിൽ മഞ്ഞുവീഴുന്ന കാഴ്ച കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam