
ദില്ലി: ഹരിയാനയിൽ ഇരുപതോളം മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേടുണ്ടായതായി കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനിടെ കോൺഗ്രസ് നിലപാടിനോട് വിയോജിച്ച 'ഇന്ത്യ' മുന്നണിയിലെ സഖ്യ കക്ഷികൾ തോൽവിക്ക് കോൺഗ്രസിൻറെ ധാർഷ്ട്യം കാരണമായെന്ന് വിമർശിച്ചു.
ഹരിയാനയിൽ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാർജ് കാണിച്ചു എന്ന പരാതിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളിൽ എങ്ങനെ 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോൺഗ്രസ് ഉയർത്തിയ ചോദ്യം. നിരവധി സീറ്റുകളിൽ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളിൽ വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിൻറെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
തോൽവിക്ക് കോൺഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതിൽ പുതുമയില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. കോൺഗ്രസ് വാദത്തോട് ഇന്ത്യ സഖ്യ കക്ഷികളും അകലം പാലിക്കുകയാണ്. കോൺഗ്രസിൻറെ ധാർഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂൽ കോൺഗ്രസ് ആഞ്ഞടിച്ചു. അമിത ആത്മവിശ്വാസമാണ് കോൺഗ്രസിനെ തോൽപിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു.
ദില്ലിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി ആവർത്തിച്ചു. കോൺഗ്രസ് പരിശോധന നടത്തണമെന്ന് സിപിഎം പിബിയും ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തിൽ മേധാവിത്വം ഉറപ്പിക്കാൻ കോൺഗ്രസ് നടത്തിയ നീക്കങ്ങളിലുള്ള അതൃപ്തി കൂടിയാണ് ഹരിയാനയിലെ വീഴ്ചയ്ക്കു ശേഷം പുറത്തേക്കു വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam