
ദില്ലി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ നീക്കം നടക്കുന്നതിനിടെ ദില്ലിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ പാര്‍ലമെന്‍റിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ദില്ലിക്ക് വിളിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ വലിയ ബഹളത്തിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും തള്ളി.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാര്‍ലമെന്‍റിലേക്ക് വിളിപ്പിച്ച് അമിത് ഷാ കണ്ടത്. അമിത്ഷായുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അതേസമയം, എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ചര്‍ച്ചയായി. ഇന്നലെ എംപിമാരെ കണ്ടതും സഭാ നേതൃത്വത്തിനടക്കം നല്‍കിയ ഉറപ്പും കൂടിക്കാഴ്ചയില്‍ അമിത് ഷാ ധരിപ്പിച്ചു. കേന്ദ്രനിര്‍ദ്ദേശം പാലിച്ചാകും നടപടികളെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി എന്നാണ് വിവരം. ഛത്തീസ്ഗഢില്‍ നടന്ന സംഭവവികാസങ്ങളിലെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ അമിത് ഷാ ധരിപ്പിച്ചതായാണ്. കോടതിക്ക് പുറത്തെ ബജ്രംഗ് ദളിന്‍റെ പ്രകടനത്തിലേതടക്കം കടുത്ത പ്രതിഷേധം പ്രധാനമന്ത്രിയുമറിയിച്ചിരുന്നു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരിച്ചു.
കേരളത്തില്‍ സഭ നേതൃത്വത്തെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിയിക്കാനുള്ള ദൗത്യം രാജീവ് ചന്ദ്രശേഖറെ ഏല്‍പിച്ചിരുന്നു. സംസ്ഥാനത്ത് സഭകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും കന്യാസ്ത്രീകളുടെ അറസ്റ്റടക്കം വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് നല്‍കിയ നോട്ടീസുകള്‍ സര്‍ക്കാര്‍ തള്ളി. ഉന്നയിച്ച വിഷയങ്ങളിലൊന്നും ചര്‍ച്ചയില്ലെന്ന കടുത്ത നിലപാട് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു. അതിനിടെ, ഛത്തീസ്ഗഢ് സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരെ ശശി തരൂര്‍ എംപി രൂക്ഷ വിമര്‍ശനമുയര്‍ത്തി. അതേസമയം, ജാമ്യം ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതോടെ എല്ലാക്കണ്ണുകളും ഛത്തീസ്ഗഢ് കോടതിയിലേക്കാണ്. അമിത് ഷായുടെ ഉറപ്പ് സഭകളുടെ രോഷത്തെയും തതല്‍ക്കാലത്തേക്ക് ശമിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam