
ഹൈദരാബാദ്: ക്ഷേത്ര ദർശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച് മന്ത്രിയുടെ സഹോദരൻ. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തിൽ വെച്ച് മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
കൊളിമിഗുണ്ട്ല ജില്ലയിലെ നന്ദ്യാൽ ജില്ലയിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് സംഭവമുണ്ടായത്. ക്ഷേത്ര സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ജസ്വന്ത് എന്ന പൊലീസ് കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്. മന്ത്രിയുടെ സഹോദരൻ മദൻ ഭൂപാൽ റെഡ്ഡി ക്ഷേത്രത്തിലെ നിരോധിത മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വീഡിയോ പ്രചരിച്ചതോടെ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിട്ടുണ്ട്. പൊതുജനമധ്യത്തിൽ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.