
ചെന്നൈ: തിരുനെൽവേലി ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മന്ത്രി കെഎൻ നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ കെവിന്റെ അച്ഛനാണ് മൃതദേഹം ഏറ്റവാങ്ങിയത്. മൃതദേഹം തൂത്തുക്കുടിയിലെ വീട്ടിലെത്തിക്കും.
കഴിഞ്ഞ അഞ്ച് ദിവസമായി മൃതദേഹം ഏറ്റുവാങ്ങില്ല എന്ന് അറിയിച്ചുകൊണ്ട് കുടുംബത്തിന്റെ പ്രതിഷേധം നടന്നുവരികയായിരുന്നു. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമായിരുന്നു കുടുംബം ഉന്നയിച്ചിരുന്നത്. പെൺകുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം നടത്തിയ പലവട്ട ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ബന്ധുക്കൾ കെവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. തൂത്തുക്കുടിയിലെ വീട്ടിൽ നിന്നും തിരുനെൽവേലി മെഡിക്കൽ കോളേജിൽ എത്തി മന്ത്രി കെഎൻ നെഹ്‌റുവിന്റെ സാന്നിധ്യത്തിലാണ് അച്ഛൻ മൃതദേഹം ഏറ്റുവാങ്ങിയത്. ആംബുലൻസിൽ തൂത്തുക്കുടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി.
കഴിഞ്ഞ ദിവസം കെവിന്റെ കൊലപാതകത്തിൽ തന്റെ അച്ഛനമ്മമാർക്ക് യാതൊരു ബന്ധവുമില്ലെന്നും അവർ നിരപരാധികളാമെന്നും പറഞ്ഞുകൊണ്ട് കെവിന്റെ പെൺസുഹൃത്ത് സുഭാഷിണി വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. തിരുനെൽവേലിയിൽ ഐടി പ്രൊഫഷണലും ദളിത് വിഭാഗക്കാരനുമായ കെവിൻകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോഗസ്ഥരാണ്. കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തിരുന്നു.