ആക്രമണത്തിനുപയോഗിക്കുന്ന ആയുധങ്ങളുടെ പ്രത്യേകത ഇതാണ്; വെളിപ്പെടുത്തലുമായി കശ്മീരില്‍ പിടിയിലായ ഭീകരന്‍

By Web TeamFirst Published Feb 3, 2020, 9:27 AM IST
Highlights

പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ദറിന്‍റെ ബന്ധു കൂടിയാണ് ഇയാള്‍. ജയ്ഷെ ഭീകരരെ കശ്മീരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വെള്ളിയാഴ്ച ഇയാള്‍ പിടിയിലായത്. 

ജമ്മുകശ്മീര്‍: 2019 ഡിസംബറിലും ജയ്ഷെ ഭീകരരെ ജമ്മുവിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. പുല്‍വാമയില്‍ നിന്നുള്ള സമീര്‍ ദറിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. സുരക്ഷാ സേനയ്ക്ക് നേരെ ജയ്ഷെ ഭീകര്‍ തെക്കന്‍ കശ്മീരിലെ നാഗ്രോട്ട വെടിയുതിര്‍ത്ത സംഭവത്തില്‍  ഭീകരരെയെത്തിച്ച ട്രക്ക് ഡ്രൈവറായിരുന്നു ഇയാള്‍. പുല്‍വാമയിലേക്കും ജമ്മു കശ്മീരിലേക്കും ഇതിന് മുന്‍പും ജയ്ഷെ ഭീകരരെ എത്തിച്ചിരുന്നുവെന്നാണ് സമീറിന്‍റെ വെളിപ്പെടുത്തല്‍. 

പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ദറിന്‍റെ ബന്ധു കൂടിയാണ് ഇയാള്‍. ജയ്ഷെ ഭീകരരെ കശ്മീരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വെള്ളിയാഴ്ച ഇയാള്‍ പിടിയിലായത്. പുല്‍വാമയിലേക്ക് എത്തിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല, എന്നാല്‍ ഭീകരര്‍ ആയുധങ്ങള്‍ കൊണ്ടുവന്നിരുന്നു. സാധാരണ ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ ഭേദിക്കാന്‍ കഴിവുള്ള സ്റ്റീല്‍ ബുള്ളറ്റുകള്‍ ഇവര്‍ കൊണ്ടുവന്നതായാണ് സമീര്‍ വെളിപ്പെടുത്തിയത്. വെടിയുണ്ടയേല്‍ക്കാത്ത വാഹനങ്ങളിലും ബങ്കറുകളും തുളച്ച് കയറാന്‍ ഈ ബുള്ളറ്റുകള്‍ക്ക് സാധിക്കുമെന്നും സമീര്‍ വ്യക്തമാക്കി.

സമീറിന്‍റെ വെളിപ്പെടുത്തലിന് ശേഷം ബിഎസ്എഫ് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. തന്‍റെ ദൗത്യം ഭീകരരെ അതിര്‍ത്തി കടത്തി പുല്‍വാമ, ട്രാല്‍ മേഖലയില്‍ സുരക്ഷിതരായി എത്തിക്കുകയെന്നതാണെന്നാണ് പിടിയിലായ ജയ്ഷെ ഭീകരസംഘടനയുടെ അനുഭാവി കൂടിയായ സമീര്‍ വെളിപ്പെടുത്തുന്നത്. 

സമീര്‍ സൂചിപ്പിച്ച രീതിയിലുള്ള വെടിക്കോപ്പ് ഉപയോഗിച്ചുള്ള ആക്രമണം 2017ലാണ് ആദ്യമായി ശ്രദ്ധിക്കുന്നത്. ലെതപോരയിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ 2017 പുതുവര്‍ഷ രാവില്‍ നടത്തിയ ആക്രമണം ഇത്തരത്തിലുള്ളതായിരുന്നുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരാമിലിറ്ററിയുടെ ഭാഗമായിരുന്ന അഞ്ച് ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്. ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ ധരിച്ച സൈനികനും അന്ന് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം സമീര്‍ ട്രക്കില്‍ കൊണ്ടുപോയ 3 ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. അതേസമയം ലാല്‍ചൗക്കിലെ സിആര്‍പിഎഫ് ക്യാംപിന് സമീപം ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 2 ജവാന്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 

click me!