
ദില്ലി: അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‍ലിയുടെ സംസ്കാരം ഇന്ന് നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വസതിയിലെ പൊതു ദർശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദർശനം നിശ്ചയിച്ചിട്ടുള്ളത്.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജയ്റ്റ്‍ലിക്ക് യാത്രയയപ്പ് നൽകുക. വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദർശനം തുടരണമെന്നായിരുന്നു ജയ്റ്റ്‍ലിയുടെ കുടുംബം അഭ്യർത്ഥിച്ചത്. അതിനാൽ മോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കില്ല.
വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‍ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജയ്റ്റ്‍ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജയ്റ്റ്‍ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജയ്റ്റ്‍ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam