അരുൺ ജെയ്റ്റ്ലിയുടെ ജന്മദിനം എല്ലാ വർഷവും സംസ്ഥാന വ്യാപകമായി ആഘോഷിക്കാൻ തയ്യാറായി ബീഹാർ

By Web TeamFirst Published Jan 1, 2020, 10:46 AM IST
Highlights

ഡിസംബർ 28 ആണ് അരുൺ ജെയ്റ്റ്ലിയുടെ ജന്മദിനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.

ബീഹാർ: മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ ജന്മദിനം എല്ലാവർഷവും സംസ്ഥാന വ്യാപകമായി ആഘോഷിക്കാൻ തയ്യാറെടുപ്പുകളുമായി ബീഹാർ. ഡിസംബർ 28 ആണ് അരുൺ ജെയ്റ്റ്ലിയുടെ ജന്മദിനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. കഴിഞ്ഞ ഡിസംബർ 28ന് സംസ്ഥാന തലസ്ഥാനമായ കങ്കര്‍ബാ​ഗ് പ്രദേശത്ത് അരുൺ ജെയ്റ്റ്ലിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു.

ബിജെപിയുടെ ഉന്നതനേതാക്കളിൽ പ്രമുഖനായിരുന്നു അരുൺ ജെയ്റ്റ്ലി. 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി വഹിച്ചു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.  2018 മെയ് മാസത്തിൽ അരുൺ ജെയ്റ്റ്ലിയെ എയിംസിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. 66ാമത്തെ വയസ്സിൽ ദില്ലി എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 

click me!