മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സോണിയയുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സമ്മാനമൊരുക്കി അരുണ്‍ ജയ്റ്റ്‍ലി

By Web TeamFirst Published Aug 26, 2019, 9:49 PM IST
Highlights

അടുത്തിടെ അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്

ലഖ്‌നൗ: അടുത്തിടെ അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങള്‍ക്കായി ജയ്റ്റ്‍ലി ഒരു സമ്മാനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ജയ്റ്റ്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പാണ് റായ്ബറേലി ജില്ലയില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ജയ്റ്റ്‌ലി ജില്ലാ ഭരണകൂടത്തിന്  നിര്‍ദേശം നല്‍കിയത്. എന്‍ ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച്, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 200 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായിരുന്നു ജെയ്റ്റ്‌ലി നിര്‍ദ്ദേശം നല്‍കിയത്. ഓഗസ്റ്റ് 17നാണ് നിര്‍ദേശം റായ് ബറേലി ജില്ലാ ഭരണകൂടം മുമ്പാകെ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

നിര്‍ദേശം ലഭിച്ചായി ജില്ലാ മജിസ്‌ട്രേട്ട് നേഹാ ശര്‍മ സ്ഥിരീകരിക്കുകയും ജില്ലാ പ്രാദേശിക വികസന ഏജന്‍സയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങള്‍ കണ്ടെത്തി ഉടന്‍ നടപ്പാക്കുമെന്നും അവര്‍ കൂട്ടച്ചേര്‍ത്തു. 

കഴിഞ്ഞ 24നാണ് അരുണ്‍ ജയ്റ്റ്‍ലി അന്തരിച്ചത്. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയ്റ്റ്‍ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. 
 

click me!