'കള്ളവണ്ടി'ക്കാരെ വേട്ടയാടി റെയിൽവെ; നേടിയത് 1377 കോടി

By Web TeamFirst Published Aug 26, 2019, 7:13 PM IST
Highlights

യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മൂലം റെയിൽവെയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നതായി പാർലമെന്റ് റെയിൽവെ കൺവൻഷൻ കമ്മിറ്റി കണ്ടെത്തിയിരുന്നു

ദില്ലി: മൂന്ന് വർഷത്തിനിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് റെയിൽവെ പിഴയായി ഈടാക്കിയത് 1377 കോടിയെന്ന് വിവരാവകാശ രേഖ. 2016 നും 2019 നും ഇടയിലെ പിഴത്തുകയിലാണ് ഈ വർധന.

യാത്രക്കാർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മൂലം റെയിൽവെയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നതായി 2018 ൽ പാർലമെന്റ് റെയിൽവെ കൺവൻഷൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റി 2016-17 കാലത്തെ കണക്കുകളാണ് പരിശോധിച്ചിരുന്നത്. ഇതിന് പിന്നാലെ സോണൽ ഓഫീസുകൾക്ക് ടിക്കറ്റില്ലാതെയുള്ള യാത്രക്കാരെ കണ്ടെത്തി പിഴയടപ്പിക്കാൻ റെയിൽവെ ബോർഡ് നിർദ്ദേശം നൽകിയിരുന്നു.

മധ്യപ്രദേശിൽ നിന്നുള്ള വ്യക്തിയാണ് വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടത്. 2016-17 ൽ 405.30 കോടിയും 2017-18 ൽ 441.62 കോടിയും 2018-19 ൽ 530.06 കോടി രൂപയുമാണ് പിഴയായി കിട്ടിയത്. 89 ലക്ഷം യാത്രക്കാരെ ഈ കാലയളവിൽ ടിക്കറ്റില്ലാതെ പിടികൂടി. ടിക്കറ്റ് നിരക്കിന് പുറമെ 250 രൂപയാണ് ടിക്കറ്റില്ലാത്ത ആളിൽ നിന്ന് ശരാശരി ഈടാക്കിയത്.

പിഴയടക്കാൻ സാധിക്കാത്ത യാത്രക്കാരെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടും. ഇവർക്കെതിരെ റെയിൽവെ നിയമത്തിലെ സെക്ഷൻ 137 പ്രകാരം കേസെടുക്കും. പിന്നീട് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി ആയിരം രൂപ വരെ പിഴയൊടുപ്പിക്കും. പണം നൽകാൻ വിസമ്മതിക്കുന്ന പക്ഷം പ്രതിയെ ആറ് മാസം തടവിന് ശിക്ഷിക്കും.

click me!