
ദില്ലി: ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തില്‍ സമിതിയെ നിയോഗിക്കാനുള്ള ബിജെപി തീരുമാനത്തെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി.ഏകാഭിപ്രായത്തോടെ സിവിൽ കോഡാകാം.പക്ഷേ ബിജെപി ഇപ്പോൾ കാണിക്കുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. .ഉത്തരാഖണ്ഡിൽ പയറ്റിയ തന്ത്രമാണ് ബിജെപി പരീക്ഷിക്കുന്നത്..ഉത്തരാഖണ്ഡിൽ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീട്ടിൽ പോയെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഉത്തരാഖണ്ഡില്‍ ചര്‍ച്ചയാക്കി നേടിയ രാഷ്ട്രീയ ലാഭം ഗുജറാത്തിലും പ്രതീക്ഷിച്ചാണ് ഏക സിവില്‍ കോഡ് പ്രഖ്യാപനവുമായുള്ള ബിജെപിയുടെ രംഗപ്രവേശം. ഹിന്ദുത്വ കാര്‍ഡിറക്കി കളിക്കുന്ന അരവിന്ദ് കെജ്രിവാളിനെ മറികടക്കാന്‍ കൂടിയാണ് ഈ നീക്കം.രാജ്യവ്യാപകമായി നടപ്പാക്കാന്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന നിയമകമ്മീഷന്‍റെ ശുപാര്‍ശ സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് മുന്‍പോട്ട് പോകാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഗോവയില്‍ സിവില്‍ കോഡ് നിലവിലുള്ളതാണ് ആത്മവിശ്വാസം. ഉത്തരാഖണ്ഡിലും, ഹിമാചല്‍ പ്രദേശിലും നിലവില്‍ വന്ന സമിതികളുടെ മോഡലാണ് ഗുജറാത്തിലും പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണ വിരുദ്ധ വികാരം രൂക്ഷമായിരുന്ന ഉത്തരാഖണ്ഡില്‍ അവസാന നിമിഷം പ്രഖ്യാപിച്ച ഏക സിവില്‍ കോഡാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിടിവള്ളിയായത്. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആ തന്ത്രം ബിജെപി വീണ്ടും പയറ്റുകയാണ്.
ഹിന്ദു വിരുദ്ധന്‍ എന്ന പേരു ദോഷം മാറ്റാന്‍ കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന കെജ്രിവാളിന്‍റെ ആവശ്യത്തിന് പിന്നാലെ ഈ പ്രഖ്യാപനം ബിജെപി നടത്തിയതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മാത്രമല്ല വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി പ്രതിപക്ഷത്തിന്‍റെ പ്രചാരണ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് ബിജെപിയുടെ നീക്കം. എതിര്‍പ്പുകള്‍ക്കിടെ ഏക പക്ഷീയമായി സിവില്‍ കോഡ് നടപ്പാക്കാനാകില്ലെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ വോട്ടര്‍മാര്‍ വീഴരുതെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള ഭരണഘടന വിരുദ്ധ നീക്കത്തെ എതിര്‍ക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും പ്രതികരിച്ചു. .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam