'ദയവായി രാഷ്ട്രീയം കാണരുത്'; നിര്‍ഭയ വിഷയത്തില്‍ സ്മൃതി ഇറാനിയോട് പ്രതികരിച്ച് കെജ്രിവാൾ

By Web TeamFirst Published Jan 18, 2020, 11:13 AM IST
Highlights

''ദയവായി ഇതിൽ രാഷ്ട്രീയം കലര്‍ത്തരുത്. നമ്മുടെ സ്ത്രീകൾക്ക് സുരക്ഷിതമായ നഗരം സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിക്കാം,” കെജ്‌രിവാൾ ട്വീറ്റിലൂടെ പറഞ്ഞു.
 

ദില്ലി: നിർഭയ കൂട്ടബലാത്സം​ഗക്കേസിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ തൂക്കിലേറ്റുന്നതിൽ കാലതാമസം നേരിടുന്നത് ആം ആദ്മി സർക്കാരിന്റെ കാര്യക്ഷമതക്കുറവാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ ഈ പ്രതികരണം. എത്രയും വേ​ഗത്തിൽ നീതി നടപ്പിലാക്കാൻ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

''2018 ജൂലൈയിൽ പുനപരിശോധന ഹർജി കോടതി തള്ളിക്കളഞ്ഞതിന് ശേഷം ആം ആദ്മി സർക്കാർ ഉറങ്ങുകയായിരുന്നോ? പ്രതികളിലൊരാളെ ജുവനൈൽ ഹോമിൽ നിന്ന് വിട്ടയച്ചപ്പോൾ പതിനായിരം രൂപയും തയ്യൽ കിറ്റും നൽകിയത് എന്തിനാണ്? നിർ‌ഭയയുടെ അമ്മയുടെ കണ്ണുനീർ നിങ്ങളെന്തു കൊണ്ടാണ് കാണാത്തത്?'' സ്മൃതി ഇറാനിയുടെ രൂക്ഷപ്രതികരണത്തെക്കുറിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വധശിക്ഷ വൈകുന്നതിന്റെ കാരണം ആംആദ്മി സർക്കാരാണെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു.  

I feel sad politics being done on such issue. Shudn’t v be working together to ensure guilty r hanged soonest? Shudn’t v join hands to ensure a system so that such beasts get hanged within 6 months? Pl don’t do politics on this. Lets together create a safe city for our women https://t.co/tl0eJ6fYKO

— Arvind Kejriwal (@ArvindKejriwal)

എന്നാൽ ഇത്തരമൊരു കേസിൽ രാഷ്ട്രീയം കളിക്കുന്നതില്‍ ദുഖമുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ''ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നതിൽ എനിക്ക് ദുഖമുണ്ട്. കുറ്റവാളികളുടെ ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ നമ്മള്‍ ഒരുമിച്ച് പ്രവർത്തിക്കേണ്ടതല്ലേ? ആറുമാസത്തിനുള്ളിൽ തന്നെ ഇത്തരം മൃഗീയരായ കുറ്റവാളികളെ തൂക്കിലേറ്റുന്നതിനുള്ള ഒരു സംവിധാനം ഉറപ്പാക്കാൻ നമ്മൾ കൈകോർക്കേണ്ടേ? ദയവായി ഇതിൽ രാഷ്ട്രീയം കലര്‍ത്തരുത്. നമ്മുടെ സ്ത്രീകൾക്ക് സുരക്ഷിതമായ നഗരം സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിക്കാം,” കെജ്‌രിവാൾ ട്വീറ്റിലൂടെ പറഞ്ഞു.

ജനുവരി 22 നാണ് നിർഭയക്കേസിലെ നാല് പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിം​ഗ്, അക്ഷയ്കുമാർ സിം​ഗ്, പവൻ ​ഗുപ്ത എന്നീ  നാല് പ്രതികളെ തൂക്കിലേറ്റാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികളിലൊരാളായ മുകേഷ് സിം​ഗ് പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നു. ദയാഹർജി തള്ളിയതിനെ തുടർന്ന് പതിനാല് ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാൻ സാധിക്കൂ. അതിനെ തുടർന്ന് ഫെബ്രുവരി ഒന്നിനാണ് പ്രതികളെ തീഹാർ ജയിലിൽ വച്ച് തൂക്കിലേറ്റുക. 


 

click me!