വാക്സീൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണം; കേന്ദ്രത്തോട് അഭ്യർത്ഥിച്ച് അരവിന്ദ് കെജ്‍രിവാൾ

By Web TeamFirst Published May 11, 2021, 2:39 PM IST
Highlights

വാക്സീനുകൾ നിർമ്മിക്കാൻ കൂടുതൽ കമ്പനികളെ അനുവദിച്ചാൽ വിതരണം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് കെജ്‍രിവാൾ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു. 

ദില്ലി: രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വാക്സീന്റെ നിർമ്മാണത്തിന്റെ ഫോർമുല പങ്കുവെക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വാക്സീൻ നിർമ്മിക്കാനുള്ള അനുമതി കൂടുതൽ കമ്പനികൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിലവിൽ രണ്ട് വാക്സീനുകളാണുള്ളത്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും. ഉത്പാദനം ഉയർത്തുന്ന കാര്യത്തിൽ ഈ രണ്ട് കമ്പനികളും വളരെയധികം ബു​ദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. വാക്സീനുകൾ നിർമ്മിക്കാൻ കൂടുതൽ കമ്പനികളെ അനുവദിച്ചാൽ വിതരണം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് കെജ്‍രിവാൾ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാണിച്ചു. 

രണ്ട് കമ്പനികൾ മാത്രമാണ് വാക്സീൻ ഉത്പാദിപ്പിക്കുന്നത്. അവയാകട്ടെ പ്രതിമാസം ആറ് മുതൽ ഏഴ് കോടിവരെയാണ് ഉത്പാദിപ്പിക്കുന്നത്. ഈ രീതിയിൽ എല്ലാവരിലേക്കും വാക്സീൻ എത്തിക്കാൻ ഏകദേശം രണ്ട് വർഷത്തിലധികമെടുക്കും. അപ്പോഴേക്കും കൊവിഡിന്റെ നിരവധി    തരം​ഗങ്ങൾ വരാൻ സാധ്യതയുണ്ട്. വാക്സീൻ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരു ദേശീയ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. കെജ്‍രിവാൾ പറഞ്ഞു. 

വാക്സീൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണം. കേന്ദ്രസർക്കാർ  ഈ രണ്ട് കമ്പനികളിൽ നിന്ന് വാക്സീൻ നിർമ്മാണത്തിന്റെ ഫോർമുല വാങ്ങി മറ്റ് കമ്പനികൾക്ക് നൽകണം. അങ്ങനെ അവർക്ക് സുരക്ഷിതമായ വാക്സീൻ നിർമ്മിക്കാൻ സാധിക്കും. ദുഷ്കരമായ ഈ സമയത്ത് ഇങ്ങനെ ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും വാക്സീൻ നൽകണം. 

പ്രതിദിനം 1.25 ലക്ഷം ആളുകൾക്കാണ് ദില്ലിയിൽ വാക്സിനേഷൻ നൽകുന്നത്. പ്രതിദിനം മൂന്നു ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ ആരംഭിക്കും. അങ്ങനെ മൂന്നു മാസത്തിനുള്ളിൽ എല്ലാവരിലേക്കും വാക്സീൻ എത്തിക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ വാക്സീൻ ക്ഷാമം നേരിടുകയാണ്. കെജ്‍രിവാൾ വിശദീകരിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായകമായതായി കെജ്‌രിവാള്‍ പറഞ്ഞു. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകള്‍ക്കും ഐ.സി.യുവിനും ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!