
ദില്ലി: കൊവിഡ് പ്രതിരോധത്തിൽ കോടതി ഇടപെടുന്നതിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് കേന്ദ്രം. ഭരണകൂടത്തെ വിശ്വസിക്കാൻ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം, ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തല്ക്കാലം പങ്കുവയ്ക്കുന്നില്ലെന്ന് അറിയിച്ചു. വാക്സീൻ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസ്സമാകും. കൊവിഡ് പ്രതിരോധത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്. സത്യവാങ്മൂലത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ കേന്ദ്രത്തിൻ്റെ കടുത്ത അതൃപ്തി പ്രകടമാകുന്നു. ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.
കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു. വാക്സീൻ നയത്തിലെ ഇടപെടലും ഒഴിവാക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ജൂലൈയോടെ പതിമൂന്ന് കോടി വാക്സീൻ ഡോസുകൾ പ്രതിമാസം തയ്യാറാക്കാനുള്ള ശേഷി കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്.
50 ലക്ഷം ഡോസ് വാക്സീൻ യുകെയ്ക്ക് നൽകാനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ നീക്കം കേന്ദ്രം ഇടപെട്ട് തടഞ്ഞു. ഇവ സംസ്ഥാനങ്ങൾക്ക് നൽകാനാണ് നിർദ്ദേശം. റഷ്യയിലെ സ്പുട്നിക് വി വാക്സീന്റെ പതിനഞ്ച് ലക്ഷം ഡോസുകൾ ഈ മാസം അവസാനത്തോടെ വിപണയിൽ എത്തുമെന്ന സൂചനയും സർക്കാർ നൽകുന്നു.
കൊവിഡ് പ്രതിരോധത്തിലെ കേസ് ഇനി വ്യാഴാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതികളും സുപ്രീംകോടതിയും കർശന നിലപാട് സ്വീകരിക്കുമ്പോഴാണ് കോടതികളുടേത് അമിതാവേശം എന്ന സൂചന നല്കി കേന്ദ്രം പ്രതിരോധിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam