സംസ്ഥാനത്തെ അഴിമതിക്ക് പൂട്ടിടാന്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ നിയമിച്ച് തമിഴ്നാട്

By Web TeamFirst Published May 11, 2021, 12:29 PM IST
Highlights

തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പി കന്ദസ്വാമിയെ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി നിയമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എഐഎഡിഎംകെ സര്‍ക്കാരിന്‍റെ അഴിമതി ആരോപണങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു

ചെന്നൈ: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച് തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പി കന്ദസ്വാമിയെ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി നിയമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എഐഎഡിഎംകെ സര്‍ക്കാരിന്‍റെ അഴിമതി ആരോപണങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. 2010ല്‍ സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്‌ വ്യാജ ഏറ്റുമുട്ടൽ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് പി കന്ദസ്വാമി.

സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്‌ വ്യാജ ഏറ്റുമുട്ടൽ കേസില്‍ അമിത് ഷാ കുറ്റാരോപിതനാവുമ്പോള്‍ സിബിഐ ഡിഐജി ആയിരുന്നു പി കന്ദസ്വാമി. സൊഹ്‌റാബുദ്ദീൻ ഷെയ്‌ക്‌ വ്യാജ ഏറ്റുമുട്ടൽ കേസില്‍ അമിത് ഷായെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. പ്രചാരണ സമയത്ത് എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്നും എം കെ സ്റ്റാലില്‍ വിശദമാക്കിയിരുന്നു. എഐഎഡിഎംകെ മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി കെ പളനിസ്വാമിക്കും നിരവധി മന്ത്രിമാർക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്  ഗവർണർ ബൻവർലിലാൽ പുരോഹിത്തിനും വിജിലൻസ് വകുപ്പിനും പരാതികൾ ഡിഎംകെ നല്‍കിയിരുന്നു.

തമിഴ്നാട് കേഡര്‍ ഉദ്യോഗസ്ഥനാണ് പി കന്ദസ്വാമി. 2007ല്‍ ഗോവയില്‍ ബ്രിട്ടീഷ് കൌമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസും അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കന്ദസ്വാമി. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരേയും കന്ദസ്വാമി അന്വേഷണം നടത്തിയിട്ടുണ്ട് ഇദ്ദേഹം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!