
ദില്ലി: നിയമസഭാ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ അരവിന്ദ് കേജ്‌രിവാളിനെ 'ഭീകരവാദി' എന്ന് വിളിച്ച ബിജെപി എംപി പർവേശ് വർമയുടെ നടപടി ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒരു റാലിക്കിടെയാണ് വർമ്മ കേജ്‌രിവാളിനെ 'ആതങ്ക്‌വാദി' എന്ന് വിളിച്ചത്. ഇപ്പോൾ ആ പരാമര്ശത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അരവിന്ദ് കേജ്‌രിവാളിന്റെ മകൾ ഹർഷിതാ കേജ്‌രിവാൾ.
ഹർഷിതയുടെ മറുപടി ഇപ്രകാരമായിരുന്നു, " എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ വരും മുമ്പുതന്നെ സജീവമായി സാമൂഹ്യസേവനം നടത്തിക്കൊണ്ടിരുന്ന ഒരാളാണ്. കുട്ടിക്കാലത്ത് അച്ഛൻ ഞങ്ങളെ, എന്നെയും,അനിയനെയും, അമ്മയെയും, അപ്പൂപ്പനെയും, അമ്മൂമ്മയേയും ഒക്കെ രാവിലെ ആറുമണിക്ക് എഴുന്നേൽപ്പിക്കുമായിരുന്നു. എന്നിട്ട് ഭഗവദ് ഗീത വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. വിശേഷിച്ച്, അതിലെ 'മനുഷ്യന് മനുഷ്യനോട് സാഹോദര്യം ഉണ്ടായിരിക്കട്ടെ' എന്നർത്ഥം വരുന്ന ഭാഗം. അത് ഭീകരവാദമാണോ? നിങ്ങൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ചെല്ലുന്ന സർക്കാർ ആശുപത്രികളിൽ സേവനം സൗജന്യമാണ് എങ്കിൽ അതിനെ ഭീകരവാദം എന്നാണോ വിളിക്കേണ്ടത്? ദില്ലിയിലെ കുട്ടികൾക്കെല്ലാം ഇന്ന് വിദ്യാഭ്യാസം കിട്ടുന്നുണ്ട് എങ്കിൽ അതിനെയും ഭീകരവാദമെന്നാണോ വിളിക്കേണ്ടുന്നത് ? കുറഞ്ഞ നിരക്കിൽ വെള്ളവും, വൈദ്യുതിയും കിട്ടിത്തുടങ്ങിയിട്ടുണ്ട്. അതിനെയും നിങ്ങൾ ഭീകരവാദം എന്നാണോ വിളിക്കുക?
തന്നെ ഭീകരവാദി എന്ന് വിളിച്ചതിൽ അരവിന്ദ് കേജ്‌രിവാളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഐഐടിയിൽ പഠിച്ച താൻ ക്‌ളാസ്സിലെ എൺപതുശതമാനം പേരും വിദേശത്ത് ജോലി തേടിപ്പോയപ്പോഴും, ഇന്ത്യയിൽ തുടർന്നത് രാഷ്ട്രത്തെ സേവിക്കാനാണ് എന്നും, ഇൻകം ടാക്സ് കമ്മീഷണറുടെ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തിയതും അതിനായി രണ്ടുവട്ടം അണ്ണാ ഹസാരെയോടൊപ്പം ചേർന്നുകൊണ്ട് പ്രമേഹരോഗിയായിരുന്നിട്ടും പതിനഞ്ചു ദിവസം വീതം ഉപവസിച്ചതും ഒന്നും സ്വാർത്ഥലാഭത്തിനു വേണ്ടിയായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതും അതിനുശേഷം സാധാരണക്കാർക്കുവേണ്ടി ആം ആദ്മി പാർട്ടിയുണ്ടാക്കി അധികാരത്തിലേറി അഞ്ചുവർഷം ദില്ലിയുടെ അഭിവൃദ്ധിക്കായി പ്രയത്നിച്ചതും ഒക്കെ ഭീകരവാദമായി കാണാൻ കഴിയുന്നത് എങ്ങനെയാണ് എന്ന് കേജ്‌രിവാൾ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam