
ദില്ലി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ട്. ബിജെപി, കോണ്‍ഗ്രസ് പാർട്ടികളുടെ ഭാഗമല്ലാത്ത മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് കെജ്രിവാള്‍ ശ്രമം നടത്തിയത്. എന്നാല്‍ അദ്ദേഹം അയച്ച ക്ഷണക്കത്തുകള്‍ക്ക് നേതാക്കളിൽ നിന്ന് തണുപ്പന്‍പ്രതികരണമാണ് ഉണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് പറയുന്നു.
കേന്ദ്രസർക്കാരുമായി കലഹം തുടരുന്ന കെജ്രിവാൾ രാജ്യത്തെ ഏഴ് മുഖ്യമന്ത്രിമാർക്കാണ് ക്ഷണക്കത്തയച്ചത്. മാർച്ച് 18ന് ദില്ലിയിലേക്ക് എത്താനായിരുന്നു ക്ഷണം. ഫെബ്രുവരി 5നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഉൾപ്പടെയുളളവർക്ക് കത്തയച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനാരോഗ്യം മൂലം തനിക്കെത്താനാവില്ലെന്ന് പ്രതികരിച്ചു. ബിജെപി, കോൺഗ്രസ് പാർട്ടികളെ ഒഴിവാക്കി ഒരു മൂന്നാം മൂന്നണി നീക്കത്തിന് തുടക്കം മുതൽ താല്പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ റാവു. എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികളുെട തണുപ്പൻ പ്രതികരണം മൂലം അദ്ദേഹം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തന്റെ പാർട്ടിയെ മറ്റ് സംസ്ഥാനങ്ങളിൽ ശക്തിപ്പെടുത്തുന്നതിലാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ലോക്സഭാ തെരഞ്ഞെടുപ്പിനെ തൃണമൂൽ കോൺഗ്രസ് തനിച്ച് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ കെജ്രിവാളിന്റെ ക്ഷണത്തോടുള്ള മമതയുടെ പ്രതികരണം അനുകൂലമല്ല. ബംഗാളിനും പുറമേ ബിഹാറും കെജ്രിവാളിന്റെ ക്ഷണക്കത്ത് കിട്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്നില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞിട്ടുണ്ട്. നിതീഷ്കുമാർ പ്രധാനമന്ത്രിയാകാൻ താല്പര്യപ്പെടുന്നില്ല, ഞാൻ മുഖ്യമന്ത്രിയാകാനും. ഞങ്ങൾ ഇപ്പോൾ എവിടെയാണോ അതിൽ ഞങ്ങൾ സംതൃപ്തരാണ്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇന്ന് വ്യക്തമാക്കി.
അതേസമയം, കെജ്രിവാൾ കത്തയച്ചതിനെക്കുറിച്ചും അതിനോടുള്ള മുഖ്യമന്ത്രിമാരുടെ മറുപടിയെക്കുറിച്ചും പ്രതികരിക്കാൻ ദില്ലി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സമാനമനസ്കരുമായി സഹകരിച്ച് മുന്നണി രൂപീകരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും വിശാലപ്രതിപക്ഷ മുന്നണി എന്നത് ഇപ്പോഴും ഒരുപാട് ദൂരം അകലെയാണെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.
Read Also; നിയമസഭാ ബജറ്റ് അവതരണത്തെ കേന്ദ്രം തടഞ്ഞു; അട്ടിമറിശ്രമമെന്ന് ആം ആദ്മി സർക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam