'നിങ്ങളിലെത്ര പേര്‍ ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കും'? മോദി സര്‍ക്കാരിനോട് ഗെഹ്‍‍‍‍ലോട്ട്

By Web TeamFirst Published Feb 17, 2020, 12:43 PM IST
Highlights

എസ്സി, എസ്ടി വിഭാഗക്കാരുടെ സംവരണം സംബന്ധിച്ച വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ബിജെപി ഇതുരെ എന്തെങ്കിലും ചെയ്തോയെന്നും നിങ്ങളുടെ കുടുംബത്തില്‍ എത്രപേര്‍ ദളിത് വിഭാഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമെന്നും ഗെഹ്‍ലോട്ട് ചോദിച്ചു. 

ജയ്പൂര്‍: എസ്സി, എസ്ടി വിഭാഗക്കാരുടെ സംവരണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. സമൂഹത്തിലെ തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും എന്ത് ചെയ്തെന്ന് ഗെഹ്‍ലോട്ട് ചോദിച്ചു. ജയ്പൂരില്‍  കളക്ടറേറ്റിന് സമീപം അശോക് ഗെഹ്‍ലോട്ടിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍  നടത്തിയ പ്രതിഷേധത്തിലാണ് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

'ബിജെപി ഇന്ന് മുംസ്ലിംകളെ ആക്രമിക്കുന്നു. നാളെയവര്‍ സിഖുകാര്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും നേരെ തിരിയും. ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നവരോട് ദളിത് സംവരണവിഭാഗക്കാര്‍ ഹിന്ദുക്കളല്ലേ എന്നാണ് ചോദിക്കാനുള്ളത്. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ നിങ്ങള്‍ ഇതുരെ എന്തെങ്കിലും ചെയ്തോ? നിങ്ങളുടെ കുടുംബത്തില്‍ എത്രപേര്‍ ദളിത് വിഭാഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കും'- ഗെഹ്‍ലോട്ട് ചോദിച്ചു. 

സംവരണം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും മുമ്പോട്ടു വരണം. അങ്ങനെ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് സംവരണം അവസാനിപ്പിക്കാനുള്ള ധൈര്യമുണ്ടാവില്ല. അവരുടെ പ്രസ്താവനകളില്‍ തന്നെ ഭാഷണിയുടെ സ്വരമുണ്ട്. ഇത് നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. ഇത് വളരെ അപകടകരമാണ്.

Read More: കെജ്‌രിവാൾ മന്ത്രിസഭയിൽ വനിതകൾക്ക് സ്ഥാനമില്ലേ? ആതിഷി മാർലേനയെ അവഗണിച്ചതെന്തിന്?

സ്ഥാനക്കയറ്റത്തിന് സംവരണം ഉറപ്പാക്കാന്‍ ഭേദഗതി കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്നും ഗെഹ്‌‍‌‍ലോട്ട് ചോദിച്ചു. രാജസ്ഥാനില്‍ ഇത് നടപ്പാക്കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളും രാജസ്ഥാനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

click me!