
ദില്ലി: 90 എംഎൽഎമാർ രാജിവെക്കുമെന്നുറച്ച് നിൽക്കെ രാജസ്ഥാൻ പ്രതിസന്ധി വിഷയത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോർട്ട്. ഒന്നും തന്റെ കയ്യിലല്ലെന്നും എംഎൽഎമാർ ദേഷ്യത്തിലാണെന്നും ഗെലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് ഗെലോട്ട് ഫോണിൽ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, വേണുഗോപാൽ ഇക്കാര്യം നിഷേധിച്ചു. ഗെലോട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷനാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചയാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കോൺഗ്രസ് നേതൃത്വത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് താല്പര്യം. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നതിനോട് ഗെലോട്ടിന് താല്പര്യമില്ല. ഇതാണ് എംഎൽഎമാരുടെ രാജിഭീഷണിക്ക് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, എംഎൽഎമാരുടെ നീക്കം തന്റെ പദ്ധതിയാണെന്ന ആരോപണെ ഗെലോട്ട് നിഷേധിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി പദവും ഒന്നിച്ചു കൊണ്ടുപോകാമെന്ന ഗെലോട്ടിന്റെ പദ്ധതി പാർട്ടി അംഗീകരിക്കാഞ്ഞതോടെയാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം. ഒരാൾക്ക് ഒരു പദവി എന്നതിൽ പാർട്ടി ഉറച്ചുനിന്നതോടെ അധ്യക്ഷപദവിയിലേക്കെത്തുമ്പോൾ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേ പറ്റൂ എന്ന സ്ഥിതി വന്നു. പകരക്കാരനായി തന്റെ വിശ്വസ്തരിൽ ഒരാളെ രാജസ്ഥാനിൽ ഭരണം ഏൽപ്പിക്കാനുള്ള സാധ്യതയും ഗെലോട്ടിനുണ്ടായില്ല. അധ്യക്ഷതെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി ചർച്ച എന്ന അദ്ദേഹത്തിന്റെ ആവശ്യവും പാർട്ടി അംഗീകരിച്ചില്ല. ഇതിനിടെയാണ് 90 എംഎൽഎമാർ പുതിയ നീക്കവുമായി രംഗത്തെത്തിയത്.
Read Also: 'ഹൈക്കമാൻഡിനെ അപമാനിച്ചു'; ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ
ഒന്നുകിൽ ഗെലോട്ട് മുഖ്യമന്ത്രിയായി തുടരണം അല്ലെങ്കിൽ അദ്ദേഹം തീരുമാനിക്കുന്ന വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തെത്തണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. സർക്കാർ താഴെ വീഴുമെന്നുണ്ടെങ്കിലും ഇതേ ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നാണ് രാജസ്ഥാൻ സ്പീക്കർ പറഞ്ഞത്. ഗെലോട്ടിനെതിരെ 2020ൽ സച്ചിൻ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വിമതനീക്കവും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്ന വ്യക്തി വേണ്ടേ മുഖ്യമന്ത്രിസ്ഥാനത്ത് വരേണ്ടതെന്നും എംഎൽഎമാർ ചോദിക്കുന്നു.