'ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്', സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

By Web TeamFirst Published Sep 26, 2022, 1:39 AM IST
Highlights

തെക്കേഇന്ത്യയിലെ പ്രശ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ട്രസ്റ്റ് പുറത്ത് വിട്ടു. 85000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്.

തെക്കേഇന്ത്യയിലെ പ്രശ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ട്രസ്റ്റ് പുറത്ത് വിട്ടു. 85000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണശേഖരമുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്ന് വ്യക്തമായി. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച തിരുപ്പതി ക്ഷേത്രം സമ്പത്തിലും റെക്കോർഡ് കുറിച്ചുകഴിഞ്ഞു. ആദ്യമായി സ്വത്ത് വിവരങ്ങളുടെ പൂര്‍ണരൂപം ട്രസ്റ്റ് പുറത്തുവിട്ടതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നതിൽ തർക്കം കാണില്ല.

ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 85, 705 കോടിയുടെ ആസ്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കറ്‍ ഭൂമി. 960 കെട്ടിടങ്ങൾ. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍ . തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍.  കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം. ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം. 

14 ടൺ സ്വർണശേഖരം.സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ മൂല്യം 2 ലക്ഷം കോടിയിലധികം. 1974 മുതല്‍ 2014 വരെ വിവിധയിടങ്ങളിലായി പലകാരണങ്ങളാല്‍ 113 ഇടങ്ങളിലെ ഭൂമി, ട്രസ്റ്റ് വിറ്റു. എട്ട് വര്‍ഷമായി  ഭൂമി വില്‍ക്കേണ്ടി വന്നിട്ടില്ല.  കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ക്ഷേത്ര ദര്‍ശനത്തിനുള്ള ബുക്കിങ് ഇപ്പോള്‍ നാല് മാസം വരെയാണ്.  വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടിക്ക് മുകളില്‍. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഭണ്ഡാരത്തില്‍ കാണിക്കയായി ലഭിച്ചത് 700 കോടി.

Read more: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി മുകേഷ് അംബാനി: അന്നദാനത്തിന് വൻതുക കാണിക്ക നൽകി

300 കോടിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടി ട്രസ്റ്റിന് പദ്ധതിയുണ്ട്. രാജ്യത്തും പുറത്തുമായി കൂടുതല്‍ ഇടങ്ങളില്‍ കൂടി തിരുപ്പതി തിരുമല ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നീക്കത്തിലാണ്  ദേവസ്ഥാനം. ആന്ധ്രയുടെ ആത്മീയ തലസ്ഥാനം ലോകത്തെ സമ്പന്നതയുടെ പട്ടികയില്‍ ഇടം ഉറപ്പിക്കുകയാണ്.

click me!