
ദില്ലി തെരഞ്ഞെടുപ്പിന് ശേഷം, അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ വരവിനായി ദില്ലിയിലും മറ്റും തയ്യാറെടുപ്പുകള്‍ നടക്കുന്നു. അതിനിടെ പെട്ടെന്നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെയും അനുകൂലിച്ചും നടത്തിയ പ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി വിവരം ലഭിക്കുന്നത്. അന്ന്, ഫ്രെബുവരി 23. അതേ, അന്ന് മുതല്‍ ഞങ്ങളെല്ലാവരും ക്യാമറയും മൈക്കുമായി ദില്ലിയിലെ കലാപബാധിത തെരുവുകളിലുണ്ട്, രാവും പകലും.
കലാപകാരികൾ അഴിഞ്ഞാടിയ മൗജ്പൂരിലായിരുന്നു ഞങ്ങള്‍ കൂടുതലും നിലകൊണ്ടത്. ഫ്ലൈഓവറിന് മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ തെരുവുകളിൽ ഇരുമ്പു വടികളും ആയുധങ്ങളുമായി അക്രമികൾ കൂട്ടം കൂട്ടമായി ജയ് വിളികളും ആക്രോശങ്ങളുമായി ഇറങ്ങിവന്നു. അക്രമം അഴിച്ചുവിടുന്നത് ഓരോ നിമിഷവും കൺമുന്നിൽ കാണാം. ചില പേരുകളുള്ള കടകള്‍ മാത്രം തെരഞ്ഞ് പിടിച്ച്. അല്ല, കലാപകാരികള്‍ക്ക് ആ കടകള്‍ തെരഞ്ഞ് പിടിക്കുന്നതായിരുന്നില്ല. എല്ലാം നേരത്തെ തീരുമാനിച്ചത് പോലെയായിരുന്നു. ആ കടകള്‍ മാത്രം അവര്‍ കുത്തിതുറന്ന് തീ വച്ചു.
എന്നാൽ, അതിന്‍റെ അടുത്തേക്ക് ഒരടി പോലും വയ്ക്കാൻ കഴിയാത്ത സാഹചര്യം. പൊലീസുകാർ പോലും കാഴ്ച്ചക്കാരാകുന്നു. രണ്ടാംനാള്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി ആർ സുനിലിനൊപ്പം ആദ്യം പോയത് ഗോകൽപുരിയിലേക്കാണ്. അവിടെ ഒരു മേൽപ്പാലത്തിൽ നിലയുറപ്പിച്ച ഞങ്ങൾ ഒരോനിമിഷവും ദൃശ്യങ്ങളും വിവരവും ശേഖരിച്ചു കൊണ്ടേയിരുന്നു.
Read More : മകന്‍ പാല് വാങ്ങാന്‍ പുറത്തു പോയി; അക്രമിസംഘം ഇരച്ചെത്തി വീടിന് തീയിട്ടു; 85 കാരി കലാപത്തില്‍ വെന്തുമരിച്ചു
അവിടെ നിന്ന് ഞങ്ങള്‍ മൗജ്പുരിയിലേക്ക് നീങ്ങി. താരതമ്യേന അക്രമകാരികൾ അവിടെ കുറവായിരുന്നു. എന്നാൽ അന്തരീക്ഷത്തിൽ ഇടയ്ക്കിടെ വെടിയൊച്ചകൾ മുഴങ്ങുന്നു, ആക്രോശങ്ങളും. വാടകയ്ക്കെടുത്ത കാറുമായി എത്രത്തോളം ദൂരം പോകാനാവുമെന്ന് ആശങ്കയുണ്ടായിരുന്നു. ഡ്രൈവർ, തന്‍റെ മതപരമായ ആശങ്ക പങ്കുവയ്ച്ചപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഞങ്ങൾ നടന്നു.
അതിനിടെയാണ് ഉന്തുവണ്ടിയിൽ പതിനാല് വയസ് തോന്നിക്കുന്ന ഒരു കുട്ടി കമഴ്ന്നു കിടക്കുന്നത് കണ്ടത്. അവന്‍റെ ബന്ധുക്കള്‍ അവന് സമീപത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് കണ്ടാണ് ഞങ്ങളും അങ്ങോട്ട് ചെന്നത്. അടുത്തെത്തിയപ്പോഴാണ്, കുട്ടി വെടി കൊണ്ടാണ് കിടക്കുന്നതെന്ന് മനസിലാകുന്നത്. അവന്‍റെ മാതാപിതാക്കളോട് ചോദിച്ചപ്പോള്‍, രാവിലെ പതിനൊന്ന് മണിക്കാണ് അവന് വെടിയേറ്റതെന്ന് അവര്‍ പറഞ്ഞു. പുറകില്‍ വലത് വശത്ത് വാരിയെല്ലിന് സമീപത്തായിട്ടാണ് അവന് വെടിയേറ്റത്. ഞങ്ങള്‍ അവനെ കാണുമ്പോള്‍ തന്നെ അവന് വെടിയേറ്റിട്ട് നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു.
Read More : സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം; പൊലീസുകാരനെതിരെ എസ്പിക്ക് പരാതി
കലാപത്തിനിടെ ഉന്തുവണ്ടിയുടെ ചക്രം പൊട്ടിപോയിരുന്നു. അതുകൊണ്ട് തന്നെ അവനെയും കിടത്തി വണ്ടിയുന്തി പോകാനും പറ്റില്ല. നടുവിന് വെടിയേറ്റ് പുളയുന്ന ആ കുട്ടിയേ എടുത്തുകൊണ്ട് പോവുകയും പ്രായോഗീകമല്ല. ഞങ്ങള്‍ വന്ന കാറില്‍ അവനെയും കൊണ്ട് പോകാമെന്ന് വച്ച് നോക്കിയപ്പോള്‍, ഞങ്ങളോട് പോലും പറയാതെ ഡ്രൈവര്‍ കാറും കൊണ്ട് നേരത്തെ പോയിരുന്നു.
ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായമായ അവസ്ഥ. രാജ്യ തലസ്ഥാനത്ത്, ഒരു പതിനാലുകാരന്‍ വെടിയേറ്റ് ആശുപത്രിയില്‍ പോലും പോകാന്‍ കഴിയാതെ കിടന്ന് പുളയുന്നു. അവന്‍റെ ബന്ധുക്കള്‍ നിസഹായരായി വാവിട്ട് കരയുന്നു. ഇതിനിടെ കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണുങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസിനെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. പലപ്പോഴും മറുതലയ്ക്കല്‍ ഫോണെടുക്കുന്നുണ്ടായിരുന്നില്ല. എടുത്തപ്പോഴൊക്കെ പ്രതീക്ഷയ്ക്ക് വകയുള്ളതൊന്നും അവര്‍ പറഞ്ഞുമില്ല.
എങ്കിലും, ഏതെങ്കിലുമൊരു വണ്ടി അവനെ കൊണ്ടുപോകാനായി വരുമെന്ന് ഞങ്ങളെല്ലാവരും ഒരു പോലെ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന് പുറത്ത്, ദൂരെ കേള്‍ക്കുന്ന ആക്രോശങ്ങള്‍ക്കിടയിലും ഞങ്ങള്‍ ഒരു വണ്ടിക്കായി കാത്തിരുന്നു. വേദനകൊണ്ട് മണിക്കൂറുകളോളം കരഞ്ഞ് തളര്‍ന്ന അവനില്‍ നിന്ന് ഒടുവില്‍ ഞരക്കമല്ലാതെ ഒരു ശബ്ദവും കേള്‍ക്കാതായി.
അവിടെ നിന്നുമാണ്, അവന്‍റെ വേദന പുറം ലോകമറിയണം എന്നുറപ്പിച്ച് അത് റിപ്പോർട്ട് ചെയ്യാനൊരുങ്ങിയത്. കുട്ടിക്ക് അരികിൽ നിന്ന് ലൈവ് നൽകുന്നതിനിടെ സ്ഥലത്തേക്ക് ഒരു പൊലീസ് ജീപ്പെത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ജീപ്പ് തടയുകയും കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്ന് പൊലീസിനോട് കെഞ്ചി പറഞ്ഞു. ഒടുവില്‍, ഞങ്ങളുടെ ലൈവിനിടെ തന്നെ അവിടെ കൂടിയവർ അവനെ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും സമയം വൈകീട്ട് നാലേ മുക്കാലായിരുന്നു.
മൂന്ന് ദിവസത്തിനുള്ളില്‍ ഒരായുസിന്‍റെ അക്രമങ്ങള്‍ കണ്ടെങ്കിലും ഉള്ളുലച്ചത് ആ പതിനാലുകാരന്‍റെ കാഴ്ച്ചയാണ്. അവന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുമ്പോള്‍ ഞാൻ ആ നിഷ്കളങ്കമായ മുഖത്തേക്ക് ഒരിക്കല്‍ പോലും നോക്കിയില്ല. കലാപത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടത് ജോലിയുടെ ഭാഗമാണ്. അവിടെ മാനസികമായി തകർന്നുപോകാൻ പാടില്ല. ഏങ്കിലും, ആ പതിനാലുകാരന്‍റെ കരഞ്ഞ് തളര്‍ന്ന ആ ശബ്ദം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. അവനെ ആശുപത്രിയിലേക്ക് അയച്ചിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. അഞ്ചേമുക്കാല്‍ മണിക്കൂറാണ് വെടികൊണ്ട് ആ പതിനാലുകാരന്‍ റോഡില്‍ കിടന്നത്. എന്തിനായിരിക്കാം അക്രമികള്‍ക്കിടയിലേക്ക് അവന്‍ ചെന്നിട്ടുണ്ടാവുക ? ഒരു കൗതുകത്തിന്‍റെ പുറത്തോ, അതോ... ?
Watch More : കലാപഭൂമിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രക്ഷിച്ച കുട്ടി തിരികെ ജീവിതത്തിലേക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam