മകന്‍ പാല് വാങ്ങാന്‍ പുറത്തു പോയി; അക്രമിസംഘം ഇരച്ചെത്തി വീടിന് തീയിട്ടു; 85 കാരി കലാപത്തില്‍ വെന്തുമരിച്ചു

By Web TeamFirst Published Feb 26, 2020, 9:11 PM IST
Highlights

വീടിന് തീവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ കലാപകാരികള്‍ എട്ട് ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നതായും സല്‍മാനി വ്യക്തമാക്കി

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കലാപമായി പടരുകയാണ്. ദിവസങ്ങള്‍ പിന്നിട്ട കലാപത്തിനിടെ നിരവധി സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വെടിവയ്പ്പും കല്ലേറും തീവയ്പ്പുമെല്ലാം മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ വടക്ക് കിഴക്കന്‍ ദില്ലി കണ്ണീരില്‍ കുതിര്‍ന്നുകഴിഞ്ഞു. അതിനിടയിലാണ് കലാപകാരികള്‍ വെച്ച തീയിലകപ്പെട്ട് സ്വന്തം വീടിനകത്ത് വെന്തുമരിച്ച 85 കാരിയുടെ വാര്‍ത്തയും പുറത്തുവരുന്നത്.

ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി നൂറിലേറെ വരുന്ന സംഘം മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ദില്ലിക്ക് സമീപത്തുള്ള ഗമ്രി മേഖലയിലേക്ക് ഇരച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. ഈ സമയത്താണ് മുഹമ്മദ് സയിദ് സല്‍മാനിയുടെ ഉമ്മ വെന്തുമരിച്ചത്. മകന്‍ പാല്‍ വാങ്ങാനായി പുറത്തുപോയിരുന്ന സമയത്താണ് അക്രമമുണ്ടായത്. വീടിനകത്ത് ആ സമയത്തുണ്ടായിരുന്നവരെല്ലാം പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. എന്നാല്‍ അവശനിലയിലായിരുന്ന അക്ബാരിക്ക് രക്ഷപ്പെടാനായില്ല.

ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ ഉമ്മയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നത് കാത്തിരിക്കുന്ന മകന്‍ സല്‍മാനി എല്ലാം നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ്. വീടിന് തീവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ കലാപകാരികള്‍ എട്ട് ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നതായും സല്‍മാനി വ്യക്തമാക്കി.

പ്രണയദിനത്തില്‍ വിവാഹിതനായ യുവാവ് 11 ാം നാള്‍ ദില്ലി കലാപത്തിനിടെ വെടിയേറ്റ് മരിച്ചു

click me!