എന്‍റെ വായിലിരിക്കുന്നതൊന്നും കേൾക്കരുത്.. ഗതികെട്ട് കന്നഡ പറഞ്ഞ് ജ്യോതികുമാർ ചാമക്കാല

By Web TeamFirst Published Mar 22, 2019, 10:14 PM IST
Highlights

തുടർച്ചയായി സംസാരം തടസപ്പെടുത്തിയതോടെയാണ്, അൻവർ മാനിപ്പാടിയോട് മിണ്ടാതിരിക്കാൻ ജ്യോതികുമാർ കന്നഡയിൽ ആവശ്യപ്പെട്ടത്. എന്നിട്ടും ഇടപെടൽ തുടർന്നപ്പോൾ പിന്നീട് ഇംഗ്ലീഷിലും കന്നഡയിലും മലയാളത്തിലും മാറിമാറി പറഞ്ഞുനോക്കി. 

രുവനന്തപുരം: യെദ്യൂരപ്പയുടെ ഡയറിക്കോഴ വിവാദം സംബന്ധിച്ച് നടന്ന ന്യൂസ് അവർ ചർച്ചയിൽ ഒടുവിൽ കോൺഗ്രസ് നേതാവ് കന്നഡ വരെ പറഞ്ഞു. കർണ്ണാടകത്തിലെ ബിജെപി വക്താവ് അൻവർ മാനിപ്പാടി തുടർച്ചയായി സംസാരം തടസപ്പെടുത്തിയപ്പോഴാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയ്ക്ക് കന്നഡ പറയേണ്ടിവന്നത്.

യെദ്യൂരപ്പയ്ക്ക് ഡ‍യറി എഴുതുന്ന ശീലമില്ലെന്നും കാരാവാൻ മാസിക പുറത്തുവിട്ടതും കോൺഗ്രസ് ഏറ്റെടുത്തതും വ്യാജരേഖ ആണെന്നുമായിരുന്നു അൻവർ മാനിപ്പാടിയുടെ വാദം. ഡയറിയിലെ എല്ലാ പേജിലും ആരെങ്കിവും ഒപ്പിടുമോ എന്നും അൻവർ മാനിപ്പാടി ചോദിച്ചു. തോറ്റ് നാറാൻ പോകുന്ന കോൺഗ്രസ് വ്യാജരേഖ ഉയ‍ർത്തിക്കാട്ടി 'കാച്ചിപീച്ചി' പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാരവാൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് അവരുടെ അന്വേഷണ റിപ്പോർട്ടിനെപ്പറ്റി വിശദീകരിക്കുന്നതിനിടയിലും അൻവർ മാനിപ്പാടി തുടർച്ചയായി ഇടപെട്ടു. കാരവാൻ തല്ലിപ്പൊളി രേഖകൾ മാത്രമേയുളളൂവെന്നും വിനോദ് കെ ജോസ് 'അ.. ഉ.. ട.. ടു..' എന്ന് പറയുകയാണെന്നും അൻവർ മാനിപ്പാടി.  കേരളത്തിലെ ന്യൂസ് ചാനലുകളിലെ ചർച്ചാസംസ്കാരം കന്നഡ, ഹിന്ദി ചാനലുകളിലെപ്പോലെയല്ല എന്ന് വിനോദ് കെ ജോസ് ഓർമ്മിപ്പിച്ചു. കേരളം ഇന്ത്യയിലല്ലേ എന്നായിരുന്നു പിന്നീട് അൻവർ മാനിപ്പാടിയുടെ മറുപടി.

ആദായനികുതി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ അരുൺ ജെയ്റ്റ്‍ലിക്ക് എഴുതിയ കത്തിൽ യെദ്യൂരപ്പയുടെ ഒപ്പ് ശരിയാണെന്ന് പറയുന്നുണ്ടെന്ന് ജ്യോതികുമാർ ചാമക്കാല വിശദീകരിച്ചു. കോഴ വിവാദം അന്വേഷിച്ച ഉദ്യോഗസ്ഥാനായ സുശീൽ ചന്ദ്ര മെയ് മാസത്തിൽ പെൻഷൻ പറ്റാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്  ഏപ്രിൽ മാസത്തിൽ പ്രൊമോഷൻ കൊടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയച്ചതിൽ ദുരൂഹതയുണ്ടെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. സംസാരത്തിലുടനീളം അൻവൻ മാനിപ്പാടി വ്യാജരേഖ എന്ന ആരോപണം ഉയർത്തി ഇടപെട്ടുകൊണ്ടിരുന്നു.

തുടർച്ചയായി സംസാരം തടസപ്പെടുത്തിയതോടെയാണ്, അൻവർ മാനിപ്പാടിയോട് മിണ്ടാതിരിക്കാൻ ജ്യോതികുമാർ കന്നഡയിൽ ആവശ്യപ്പെട്ടത്. എന്നിട്ടും ഇടപെടൽ തുടർന്നപ്പോൾ പിന്നീട് ഇംഗ്ലീഷിലും കന്നഡയിലും മലയാളത്തിലും മാറിമാറി പറഞ്ഞുനോക്കി. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കരുത് എന്നായിരുന്നു അൻവർ മാനിപ്പാടിയുടെ ആവശ്യം. അന്വേഷിക്കുമ്പോഴല്ലേ തെളിവുകൾ ഉണ്ടാകൂ എന്ന് ചോദിച്ചപ്പോൾ തെളിവുകളുണ്ടെങ്കിലേ അന്വേഷിക്കാനാകൂ എന്ന് മറുപടി. ഒടുവിൽ ജ്യോതികുമാർ പറഞ്ഞു. "ഒന്നു മിണ്ടാതിരിക്ക് ആശാനേ..." അൻവറിന്‍റെ ഇടപെടൽ പിന്നെയും തുടർന്നപ്പോൾ ഗതികെട്ട് ചാമക്കാല പറഞ്ഞു, "എന്‍റെ വായിലിരിക്കുന്നതൊന്നും കേൾക്കരുത്.."

വീഡിയോ കാണാം

"

click me!