68 പേരെ കൊന്നത് ആരെന്ന് ആർക്കും അറിയില്ല; സംഝോത വിധിയെ വിമർശിച്ച് കപിൽ സിബൽ

By Web TeamFirst Published Mar 22, 2019, 8:00 PM IST
Highlights

ഗൂഢാലോചന ഉൾപ്പടെ പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്

ദില്ലി: സംഝോത എക്സ‍്‍പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ നടപടിയിൽ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ. 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നും ക്രിമിനൽ നീതി ന്യായ വ്യവസ്ഥയിലെ 'അഭിമാന ദിന'മാണ് വിധി പറഞ്ഞ ദിവസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൂഢാലോചന ഉൾപ്പടെ പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്. അസീമാനന്ദയ്ക്കൊപ്പം ലോകേഷ് ശർമ്മ,കമാൽ ചൗഹാൻ,രജീന്ദ‍ർ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2007 ഫെബ്രുവരി 18 ന് ദില്ലിയില്‍നിന്നും ലാഹോറിലേക്ക് തിരിച്ച ട്രെയിനിലെ സ്ഫോടനത്തിൽ 68  പേരാണ് മരിച്ചത്.

അതേസമയം നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.  
 

click me!