റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം; ആവേശത്തിൽ വിദ്യാർത്ഥികൾ

By Web TeamFirst Published Jan 26, 2023, 5:14 PM IST
Highlights

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം

ദില്ലി: റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് യാഥാർത്ഥ്യമായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പുലർച്ചെ ആ മണിക്ക് പ്രൗഡ് ടുബീ ആൻ ഇന്ത്യൻ സംഘം കർത്തവ്യ പഥിലെത്തി. എല്ലാ വിദ്യാർത്ഥികളും ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയാകുന്നത്. മുൻ നിരയിലെ ഇരിപ്പിടത്തിൽ കാത്തിരിപ്പിന്റെ മണിക്കൂറുകൾ, വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് കണ്ട വിദ്യാർത്ഥികളിൽ പലരും സൈന്യത്തിൽ ചേരണമെന്ന ആഗ്രഹം പങ്കുവച്ചു.  സ്ത്രീശക്തി പ്രമേയമാക്കിയ വിവിധ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളെയും വിദ്യാർത്ഥികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.  

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ ദില്ലി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുടെ നേതൃത്ത്വത്തിലാണ് ദില്ലി മലയാളികൾ സ്വീകരിച്ചത്. ഒരുമാസത്തോളം നീണ്ട നടപടികൾക്ക് ശേഷം രണ്ടായിരത്തി അഞ്ഞൂറ് വിദ്യാർത്ഥികളിൽ നിന്നാണ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന അൻപതംഗ സംഘത്തെ തെരഞ്ഞെടുത്തത്. രാജ്യത്തിന‍്‍റെ പൈതൃകത്തെ നേരിട്ടറിയാനുള്ള യാത്രയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് വിർദ്യാർത്ഥികളും അധ്യാപകരും.

ഇന്ന്  വൈകീട്ട് ഷിംലയിലേക്ക് തിരിക്കുന്ന സംഘം വരും ദിവസങ്ങളിൽ ഹിമാചൽ പ്രദേശിലെ വിവിധ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കും. രണ്ട് ദിവസം ഹിമാചൽ പ്രദേശിലെ വിവിധ ച‌രിത്ര സ്മാരകങ്ങൾ സന്ദർശിച്ച് ഞായറാഴ്ച ദില്ലിയിൽ തിരിച്ചെത്തും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപന ചടങ്ങായ ബീറ്റിംഗ് ദ റിട്രീറ്റിനും സാക്ഷിയാകും. തിങ്കളാഴ്ച രാജ്ഘട്ടിലെ ഗാന്ധി സ്മൃതി ദിന ചടങ്ങിൽ പങ്കെടുത്ത ശേഷമായിരിക്കും സംഘം മടങ്ങുക.

ഡിമോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി ദുബായിലായിരുന്നു ഇത്തവണ പ്രവേശന പരീക്ഷ. ഇന്ത്യയുടെ ചിരിത്രം വർത്തമാനം, പൊതുവിജ്ഞാനം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു പ്രവേശപരീക്ഷയിലെ ചോദ്യങ്ങൾ. ഒഎംആർ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ നാൽപത് ചോദ്യങ്ങളായിരുന്നു പ്രവേശന പരീക്ഷയിലുണ്ടായിരുന്നത്. പരീക്ഷ പൂർത്തിയായി ഒരു മണിക്കൂറിനുള്ളിൽ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വിജയിച്ച വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റർ മനോജ് കെ ദാസ് ദേശീയ പതാക കൈമാറിയിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഡോക്ടർ അമൻ പുരിയായിരുന്നു യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യൻ ദേശീയ പതാക കോൺസിൽ ജനറൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് കൈമാറിയതോടെയാണ് ഈ വർഷത്തെ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രയ്ക്ക് ഔദ്യോഗിക തുടക്കമായത്. റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിൽ പോലും ടിവിയിലെങ്കിലും കാണണുന്നത്, പ്രായം അമ്പത് കഴിഞ്ഞ താൻ പോലും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണെന്നും രാജേഷ് കൽറ പറഞ്ഞിരുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേഖലാ തല ക്വിസ് മൽസരങ്ങൾ വഴിയും പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലേക്കുള്ള വിദ്യാർഥികളെ കണ്ടെത്തിയിരുന്നു. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലായിരുന്നു മേഖലാ ക്വീസ് മൽസരങ്ങൾ നടത്തിയത്.  2013ൽ ആരംഭിച്ച പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രയുടെ ഒമ്പതാം പതിപ്പാണ് ഇത്തവണത്തേത്. യാത്രയുടെ ചിലവ് പൂർണമായി ഏഷ്യാനെറ്റ് ന്യൂസാണ് വഹിക്കുന്നത്. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ വീണ്ടുമെത്തിയത്.
 

click me!