
ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമിൽ പ്രചാരണം കൊടുമ്പിരി കൊള്ളുകയാണ്. വിവിധ മുന്നണികളുടെ ദേശീയ നേതാക്കൾ അസമിൽ പ്രചാരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി ദേശീയ നേതാക്കൾ കളം നിറയുമ്പോൾ സംസ്ഥാനത്ത് ആര് വെന്നിക്കൊടി പാറിക്കും എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
ബിശ്വനാഥിൽ നടന്ന പൊതു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ അഴിമതിയുടെയെല്ലാം "മൂലകാരണം" കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിന് വേണ്ടി കോൺഗ്രസ് അസമിന്റെ അസ്തിത്വവും അഭിമാനവും സുരക്ഷയും വെച്ച് കളിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് വികസന വിരുദ്ധരാണെന്നും സ്വതന്ത്ര ഇന്ത്യയിലെ അഴിമതിയുടെയെല്ലാം അടിസ്ഥാനം അവരാണെന്നും രാജ്യത്തിനാകെ അറിയാം. അസമിൽ കോൺഗ്രസ് ചെയ്തുകൂട്ടിയ കാര്യങ്ങൾ ജനങ്ങൾക്ക് നന്നായി അറിയാം. അധികാരത്തിന് വേണ്ടി അവർ അസമിന്റെ അസ്തിത്വം പണയപ്പെടുത്തി. അസമിന്റെ താൽപര്യങ്ങളെ ആവർത്തിച്ച് അവഗണിച്ചു. അനധികൃത കുടിയേറ്റക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് അവർ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അസമിലെ ദിബ്രുഗഡിലുള്ള ഒരു തേയിലത്തോട്ടത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന വനിതാ തൊഴിലാളികളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ നേരിൽ കണ്ടതിൻ്റെ സന്തോഷത്തിലാണ് ഇവിടുത്തെ തൊഴിലാളികൾ. ടിവിയിലും പത്രത്തിലും മാത്രം കണ്ടിരുന്ന ആളാണ് നേരിട്ട് മുന്നിലെത്തിയത്. അത് വലിയ സന്തോഷമായി എന്നാണ് പ്രധാനമന്ത്രിയെ കണ്ട ശേഷം ഒരു തൊഴിലാളി എഎൻഐയോട് പ്രതികരിച്ചത്.
ബുധനാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ ദിബ്രുഗഡ് സന്ദർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ അദ്ദേഹം, തൊഴിലാളികളുമായി സംസാരിക്കുകയും തേയില നുള്ളുകയും ചെയ്തു. തൊഴിലാളികളുടെ കഠിനാധ്വാനത്തെയും സംഭാവനകളെയും മോദി പ്രശംസിച്ചു. "അസമിൻ്റെ ആത്മാവാണ് തേയില" എന്ന് അദ്ദേഹം പറഞ്ഞു. ദിബ്രുഗഡിലെ തേയിലത്തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെക്കുകയും ചെയ്തു. തുടർന്ന്, അസമിലെ ഗോഗാമുഖിൽ നടന്ന ഒരു പൊതു റാലിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ബിജെപി ഭരണത്തിന് കീഴിൽ അസം കൈവരിച്ച വികസനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ പത്ത് വർഷം 'സേവനത്തിൻ്റെയും സദ്ഭരണത്തിൻ്റെയും' കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 'ഹാട്രിക്' വിജയം നേടുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു.
എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് പിന്നാലെ കോൺഗ്രസ് പ്രചാരണം ശക്തമാക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അസമിലെത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ വ്യാഴാഴ്ച അസമിലെത്തിയത്. സംസ്ഥാന സർക്കാർ സിൻഡിക്കേറ്റുകളിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണം മുഖ്യമന്ത്രി ഇപ്പോഴും സമ്മർദ്ദത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച അസമീസ് ഗായകൻ സുബീൻ ഗാർഗിനെ പരാമർശിച്ചുകൊണ്ട്, അസമിന്റെ സാംസ്കാരികവും സാമൂഹികവുമായ ഐക്യത്തിന്റെ പ്രതീകമായിരുന്നു ആ കലാകാരൻ എന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
നേരത്തെ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. 'ഇരട്ട അടിമത്തത്തിന്റെ സർക്കാരിനെ' തള്ളി ജനക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോൺഗ്രസ് സർക്കാരിന് വോട്ട് ചെയ്യണമെന്ന് നസീറയിൽ നടന്ന റാലിയിൽ അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. "അവർക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമ്പോൾ മാത്രമാണ് അവർ നിങ്ങൾക്കായി പ്രവർത്തിക്കുന്നത്. ഇത് ഈ രാജ്യത്തിന്റെ പാരമ്പര്യമല്ല. നിങ്ങളെ ഭയപ്പെടുത്താത്ത, ഭീഷണിപ്പെടുത്താത്ത, സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത ഒരു സർക്കാരിനെയാണ് അസമിൽ നമുക്ക് വേണ്ടത്. നിങ്ങൾക്കായി സത്യസന്ധമായി പ്രവർത്തിക്കുകയും നിങ്ങളുടെ സംസ്കാരത്തെയും നാഗരികതയെയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സർക്കാർ" പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെയും ലക്ഷ്യമിട്ട്, ബിജെപിയുടെ "ഇരട്ട എഞ്ചിൻ സർക്കാർ" എന്ന വാദം ഒരു പരാജയമാണെന്ന് പ്രിയങ്ക വിമർശിച്ചു. അസമിലെ ജനങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഭയത്തിന്റെ രാഷ്ട്രീയം തള്ളിക്കളയണമെന്നും അവർ വോട്ടർമാരോട് ആവശ്യപ്പെട്ടു. മോദിജി വന്ന് ഇരട്ട എഞ്ചിൻ സർക്കാർ പ്രവർത്തിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നാൽ അവർ നടപ്പാക്കിയത് ഇരട്ട അടിമത്തത്തിന്റെ സർക്കാരാണ്. മോദിജി അമേരിക്കയുടെ അടിമയായി, അദ്ദേഹത്തിന്റെ നയങ്ങൾ കാരണം ഇന്ന് രാജ്യം മുഴുവൻ പ്രതിസന്ധിയിലാണ്. ഹേമന്ത ജി ആകട്ടെ മോദിജിയുടെ അടിമയും. ഈ ഇരട്ട അടിമത്ത സർക്കാർ, സുന്ദരവും സ്വാഭിമാനവുമുള്ള അസമിലെ ജനങ്ങളെ അടിമകളാക്കി അടിച്ചമർത്താനാണ് ആഗ്രഹിക്കുന്നത്" പ്രിയങ്ക കൂട്ടിച്ചേർത്തു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സംസ്ഥാനത്ത് വെറുപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി കുറ്റപ്പെടുത്തി. അസമിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വീടുകൾ പൊളിച്ചുനീക്കിയതിനെ തുടർന്ന് ദുരിതത്തിലായ മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫിനെ പിന്തുണയ്ക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
"ബദറുദ്ദീൻ അജ്മലിന്റെ പാർട്ടിയായ എഐയുഡിഎഫിന് പിന്തുണ നൽകാനാണ് ഞാൻ രണ്ട് ദിവസത്തേക്ക് അസമിലെത്തിയത്. ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായതോടെ അസമിൽ വെറുപ്പിന്റെ രാഷ്ട്രീയമാണ് നടക്കുന്നത്. ബിജെപിയെ തടയുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസ് കാരണമാണ് ഹിമന്തയും ബിജെപിയും ഇന്ന് അധികാരത്തിലിരിക്കുന്നത്. 50,000-ൽ അധികം മുസ്ലീങ്ങളുടെ വീടുകളാണ് പൊളിച്ചുനീക്കിയത്. അവരെ ഭവനരഹിതരാക്കി. ഈ സാഹചര്യത്തിൽ, ആ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ബദറുദ്ദീൻ അജ്മലിനെ പിന്തുണയ്ക്കേണ്ടത് വളരെ പ്രധാനമാണ്" ഒവൈസി കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അസമിൽ രാഷ്ട്രീയചൂട് കൂടുകയാണ്. 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. നിലവിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും കോൺഗ്രസും തമ്മിലാണ് 126 സീറ്റുകളിലേക്കുള്ള പ്രധാന മത്സരം. അസോം ഗണ പരിഷത്ത് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവർക്കൊപ്പമാണ് ബിജെപി മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാണ് എൻഡിഎ ശ്രമിക്കുന്നത്. അതേസമയം, ഭരണകക്ഷിയെ പരാജയപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam