70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോ​ഗ്യമന്ത്രി കെ.ജി. അരുൺരാജ് ആണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ അനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ​ഗുണഭോക്താക്കളാകും.

70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വരുമാന പരിധിയില്ലാതെ സൗജന്യ, കാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. വിട്ടുമാറാത്ത രോ​ഗങ്ങൾക്കും ​ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള നൂതന ചികിത്സയ്ക്കും ഇൻഷുറൻസ് ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഉയർന്ന ചെലവുകളുള്ള ശസ്ത്രക്രിയകൾക്കും കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പെടെയുള്ളതിനും 23 ലക്ഷം രൂപ വരെ പദ്ധതിയിൽനിന്ന് ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നിലവിലുള്ള മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുകയെന്നാണ് സൂചന.