
ദിസ്പൂർ: മുതിർന്ന ബിജെപി പ്രവർത്തകരുടെ പാദങ്ങൾ കഴുകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യൻ സംസ്കാരത്തിന്റെ ധാർമ്മികത എന്ന് വിശേഷിപ്പിച്ചായിരുന്നു പാദപൂജ. മുതിർന്നവരോട് ബഹുമാനം കാണിക്കുന്നത് ബിജെപി പാരമ്പര്യത്തിന്റെ മൂലക്കല്ലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ സംസ്കാരത്തിന്റെ ധാർമ്മികതയാണ് മുതിർന്നവരോട് ബഹുമാനം കാണിക്കുന്നത്. ഞങ്ങളുടെ പാർട്ടിയുടെ പാരമ്പര്യത്തിന്റെ മൂലക്കല്ലാണ് അത്. ആദ്യഘട്ടത്തിൽ അസമിൽ ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിച്ച, ബഹുമാന്യരായ മുതിർന്ന ബിജെപി പ്രവർത്തകരുടെ കാലുകൾ കഴുകിയതിൽ എനിക്ക് ബഹുമാനമുണ്ട്. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ശർമ്മ പറഞ്ഞു. മുഖ്യമന്ത്രി നിലത്തിരുന്ന് പ്രവർത്തകരുടെ കാലുകൾ കഴുകുന്നത് വീഡിയോയിൽ കാണാം. കാലുകഴുകിയ ശേഷം ഒരു തുണികൊണ്ട് അവരുടെ പാദങ്ങൾ തുടയ്ക്കുന്നതും വീഡിയോയിലുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ചേര്‍ന്ന് ശനിയാഴ്ച ഗുവഹാട്ടിയിലെ ബസിസ്തായില്‍ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു. നിരവധി പ്രമുഖ നേതാക്കള്‍ ആ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അതിനിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെ ബിജെപി സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു. ആംആദ്മി പാർട്ടിയും ഭരണം പിടിക്കാൻ സർവസന്നാഹങ്ങളുമായി പ്രചാരണം തുടങ്ങിയെങ്കിലും പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പ്രചാരണത്തിൽ ഏറെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബിജെപിയുടെ പ്രധാന നേതാക്കളും എഎപിയുടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കമുള്ള നേതാക്കളും പ്രചാരണത്തിന് ചുക്കാൻ പിടിക്കുമ്പോൾ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമാണ് കോൺഗ്രസിന്റെ പ്രധാന പരിഗണനാ വിഷയങ്ങൾ.
Read Also: 'ഞാൻ നോക്കിയതാണ്, ഒന്നുമില്ല'; സിബിഐ കേസിൽ ലാലുപ്രസാദ് യാദവിനെ പ്രതിരോധിച്ച് നിതീഷ് കുമാർ