പത്തുവർഷം മുമ്പ് നടന്ന സംഭവത്തിൽ സിബിഐ ലാലുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോൾ കേസ് കുത്തിപ്പൊക്കുന്നത് നിതീഷിന്റെ ജെഡിയുവും ലാലുവിന്റെ ആർജെഡിയും സഖ്യത്തിലായതുകൊണ്ടാണെന്നാണ് നിതീഷ് കുമാർ പറയുന്നത്.
പട്ന: യുപിഎ സർക്കാരിൽ റെിൽവേ മന്ത്രിയായിരുന്ന കാലത്ത് തൊഴിൽ അഴിമതി നടത്തിയെന്ന കേസിൽ ലാലു പ്രസാദ് യാദവിനെ പ്രതിരോധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പത്തുവർഷം മുമ്പ് നടന്ന സംഭവത്തിൽ സിബിഐ ലാലുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോൾ കേസ് കുത്തിപ്പൊക്കുന്നത് നിതീഷിന്റെ ജെഡിയുവും ലാലുവിന്റെ ആർജെഡിയും സഖ്യത്തിലായതുകൊണ്ടാണെന്നാണ് നിതീഷ് കുമാർ പറയുന്നത്.
അഞ്ച് വർഷം മുമ്പ് എന്താണ് സംഭവിച്ചത്? ഞങ്ങൾ (ജെഡിയു) ആർജെഡിയുമായി പിരിഞ്ഞിരുന്നു. കേസിൽ ഒന്നും സംഭവിച്ചില്ല. ഞാൻ നോക്കിയതാണ്. അതിലൊന്നുമില്ല. ഇപ്പോൾ ഞങ്ങൾ ബിജെപിയോടൊപ്പമല്ലല്ലോ, അതുകൊണ്ട് അവർ വീണ്ടും തുടങ്ങിയിരിക്കുകയാണ്. അവരെന്ത് വേണമെങ്കിലും ചെയ്തോട്ടെ, ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും. നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയുമുൾപ്പടെ 16 പേർക്കെതിരെയാണ് വെള്ളിയാഴ്ച സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇരുവരും നേരത്തെ മന്ത്രിമാരായിരുന്നു. ലാലുവിന്റെ മകൻ തേജസ്വി യാദവ് ഇപ്പോൾ ബിഹാർ ഉപമുഖ്യമന്ത്രിയാണ്. മെയ് 18നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലാലുവിനും റാബ്രിക്കും രണ്ട് പെൺമക്കൾക്കും എതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. റെയിൽവേയിൽ ജോലി കിട്ടിയ 12 പേരും കേസിൽ കുറ്റക്കാരാണ്, മിക്കവരും ഇപ്പോൾ ജാമ്യത്തിലാണ്.
ജോലി നൽകുന്നതിന് പകരമായി ഒരു ലക്ഷം രൂപ വിലയുള്ള ഭൂമി ഉദ്യോഗാർത്ഥികളിൽ നിന്ന് സ്വന്തം കുടുംബത്തിന്റെ പേരിലേക്ക് ലാലു മാറ്റിയെന്നാണ് കേസ്. ഇത് ഉൾപ്പടെയുള്ള ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരായ കേസുകളെല്ലാം ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയനാടകമാണെന്നാണ് ആർജെഡി പറയുന്നത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് നിതീഷ്കുമാറിന്റെ ജെഡിയു ബിഹാറിൽ ആർജെഡിമായി സഖ്യത്തിലായതും മന്ത്രിസഭ രൂപീകരിച്ചതും.
