
ഗുവാഹത്തി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശർമ്മ. രാഹുൽ എപ്പോഴും തയ്യാറായിരിക്കുമെന്നും എന്നാൽ കളിക്കളത്തിലിറങ്ങില്ലെന്നുമാണ് ഹിമന്ദ ബിശ്വ പരിഹസിച്ചത്. ഗുജറാത്തിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ദിവസങ്ങളായി ഞാൻ നിരീക്ഷിക്കുന്നു, ഒരു ശീലമുണ്ട് രാഹുൽ ഗാന്ധിക്ക്. ഗുവാഹത്തിയിൽ ക്രിക്കറ്റ് മാച്ച് ഉണ്ടെങ്കിൽ, അദ്ദേഹം ഗുജറാത്തിലായിരിക്കും, അവിടെയാണെങ്കിലും അദ്ദേഹം ബാറ്റും പാഡും ധരിച്ചിരിക്കും. അദ്ദേഹം കളിക്കാൻ തയ്യാറെടുക്കും, പക്ഷേ കളിക്കളത്തിലേക്ക് വരില്ല". ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സൂചിപ്പിച്ച ഹിമന്ദ ബിശ്വ ശർമ്മ, ബിജെപിക്ക് വെല്ലുവിളിയായി ഉയർന്നുവന്ന ആം ആദ്മി പാർട്ടിയും കോൺഗ്രസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുമെന്നും അവകാശപ്പെട്ടു. ബിജെപി എവിടെയാണോ ഉള്ളത്, അവിടെത്തന്നെയായിരിക്കും. ഞങ്ങൾക്ക് ഒരു മത്സരവുമില്ല. രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി ആം ആദ്മി പാർട്ടിയും കോൺഗ്രസും മത്സരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്ക് ചരിത്രപരമായ അറിവ് വളരെ കുറവാണെന്നും ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. വി ഡി സവർക്കറെക്കുറിച്ചുള്ള പരാമർശത്തിന് കോൺഗ്രസ് നേതാവിനെ അദ്ദേഹം വിമർശിച്ചു. വീർ സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെക്കുറിച്ച് തനിക്ക് പറയാനുള്ളത് അദ്ദേഹത്തിന് ചരിത്രപരമായ അറിവ് വളരെ കുറവാണ് എന്നാണ്. ഒരുപക്ഷേ ആരെങ്കിലും അദ്ദേഹത്തിനായി ചരിത്രം വായിച്ചിട്ടുണ്ടാവാകാം, അദ്ദേഹം അത് സ്വന്തമായി വായിച്ചിട്ടില്ലെന്നും ഹിമന്ദ ബിശ്വ പ്രതികരിച്ചു. സവർക്കറെ അപമാനിച്ചതിലൂടെ രാഹുൽ ഗാന്ധി വലിയ പാപമാണ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയപരമായി വലിയ വില അതിന് നല്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സവർക്കർ ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രതീകമാണെന്നും അദ്ദേഹം ആൻഡമാനിൽ രണ്ട് മൂന്ന് വർഷം ജയിലിൽ കിടന്നപ്പോൾ ദയാഹർജി എഴുതാൻ തുടങ്ങിയെന്നും മറ്റുമുള്ള പരാമർശമാണ് വിവാദത്തിന് കാരണമായത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ അഭിപ്രായം പറഞ്ഞത്. വി ഡി സവർക്കർ എഴുതിയ കത്തിന്റെ പകർപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. സവർക്കർ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തിൽ ഒപ്പുവെക്കുമ്പോൾ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ചോദിച്ച രാഹുൽ ഗാന്ധി, അത് ഭയമായിരുന്നു എന്നും പറഞ്ഞിരുന്നു.
Read Aldo: 'ഗുജറാത്തിനോടുള്ള കോൺഗ്രസിന്റെ ശത്രുത വെളിവായി'; ജോഡോ യാത്രയിൽ മേധാപട്കറിനെ പങ്കെടുപ്പിച്ചതിനെതിരെ ബിജെപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam