
ഐസ്വാള്‍: അസം - മിസോറം അതിർത്തി സംഘർഷം പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. ഞായറാഴ്ച ഉണ്ടായ സംഘര്‍ഷം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റിരുന്നു. മിസോറമിലെ കോലാസിബ് ജില്ലയും ആസാമിലെ കാചാർ ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. മിസോറമിലെ വൈരെംഗ്തേ, അസാമിലെ ലൈലാപുർ ഗ്രാമങ്ങൾക്കും സമീപമായിരുന്നു സംഘർഷം.
ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങളെ ഇവിടെ മിസോറം സർക്കാർ വിന്യസിച്ചു. മിസോറമിലെ കോലാസിബ് ജില്ലയിലാണു വൈരെംഗ്തേ. അസാമിനെ മിസോറമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 കടന്നുപോകുന്നത് മിസോറമിന്റെ വടക്കേയറ്റമായ വൈരെംഗ്തേയിലൂടെയാണ്. ഇതിന്റെ തൊട്ടടുത്ത ഗ്രാമമാണ് അസാമിലെ ലൈലാപുർ.
ശനിയാഴ്ച വൈകുന്നേരം വൈരെംഗ്തേയിൽ ഒത്തുചേർന്ന പ്രദേശവാസികളെ ആസാമിൽനിന്നുള്ളവർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതിനു തിരിച്ചടിയായി വൈരെഗ്തേ നിവാസികൾ, ദേശീയപാതയ്ക്കു സമീപം ലൈലാപുർ നിവാസികളുടെ 20 കുടിലുകളും സ്റ്റാളുകളും തീവച്ചു. സംഘർഷം മണിക്കൂറുകൾ നീണ്ടു.
ആസാം-മിസോറം അതിർത്തിയിൽ താമസിക്കുന്ന 80 ശതമാനത്തിലേറെ പേർ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് മിസോറമിലെ ഭരണകക്ഷിയായ എംഎൻഎഫിന്റെ എംഎൽഎ ലാൽറിന്റുവാംഗ സൈലോ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കറടക്കം എംഎൻഎഫിന്റെ 11 എംഎൽഎമാർ വൈരെഗ്തേയിൽ ക്യാമ്പ് ചെയ്യുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam