അസം പൗരത്വ പട്ടിക വെബ്സൈറ്റില്‍ നിന്ന് കാണാതായി; വിശദീകരണവുമായി അധികൃതര്‍

By Web TeamFirst Published Feb 12, 2020, 11:11 AM IST
Highlights

പൗരത്വ വിവരങ്ങള്‍ കാണാതായതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉടന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്ത്ര സൈക്യ സെന്‍സസ് കമ്മീഷണര്‍ക്ക് കത്തുനല്‍കി.

ഗുവാഹത്തി: 2019 ഓഗസ്റ്റ് 31ന് പുറത്തിറക്കിയ അന്തിമ അസം പൗരത്വ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയും 19.06 ലക്ഷം ആളുകളെ പുറത്താക്കിയുമുള്ള അന്തിമ പട്ടികയാണ് കഴിഞ്ഞ ദിവസം കാണാതായത്. nrcassam.nic.in എന്ന വെബ്സൈറ്റിലായിരുന്നു പൗരത്വ പട്ടികയുടെ വിവരങ്ങള്‍. എന്നാല്‍, ഇപ്പോള്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ക്ലൗഡ് സ്റ്റോറേജില്‍ കാണാനില്ലെന്ന് ആരോപണമുയര്‍ന്നു. അതേസമയം വിവരങ്ങള്‍ അപ്രത്യക്ഷമായെന്ന പ്രചാരണം തെറ്റാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 

എന്‍ആര്‍സി കോഓഡിനേറ്റര്‍ സ്ഥാനത്തുനിന്ന് പ്രതീക് ഹലേജയെ മാറ്റിയിരുന്നു. പകരം ആള്‍ ചുമതലയേല്‍ക്കാത്തതിനാല്‍ ക്ലൗഡ് സ്റ്റോറേജ് സബ്സ്ക്രിപ്ഷന്‍ പുതുക്കേണ്ട വിപ്രോ അത് ചെയ്തിരുന്നില്ല. പുതിയ കോ ഓഡിനേറ്റര്‍ ഹിതേഷ് ദേവ് സര്‍മ ഉടന്‍ ചുമതലയേല്‍ക്കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ വിവരങ്ങള്‍ അപ്‍ലോഡ് ആകുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, വിപ്രോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 

പൗരത്വ വിവരങ്ങള്‍ കാണാതായതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉടന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്ത്ര സൈക്യ സെന്‍സസ് കമ്മീഷണര്‍ക്ക് കത്തുനല്‍കി. പൗരത്വ പട്ടികക്കെതിരെയുള്ള അപ്പീലുകള്‍ കോടതിയില്‍ നിലനില്‍ക്കെ വിവരങ്ങള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്‍റെ പരസ്യമായ ലംഘനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.  

click me!