
ഗുവാഹത്തി: "വൃദ്ധ സന്യാസി" എന്നായിരുന്നു ആ ആനയ്ക്ക് അവര്‍ നൽകിയ പേര്. ഒരു ഗ്രാമം മുഴുവനും ഈ കാട്ടുകൊമ്പന് കാവൽ നിന്നു. സമയാസമയങ്ങളിൽ ആനയ്ക്ക് ഭക്ഷണവും വെള്ളവും നൽകി. ഒരിക്കൽ പോലും അവൻ അവരെയോ അവര്‍ അവനെയോ ആക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തില്ല. അതിനാൽ തന്നെ ആന ചരിഞ്ഞെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ നിന്ന് ആരെയോ നഷ്ടപ്പെട്ട പ്രതീതിയിലാണ് ആസാമിലെ കലിയാബോര്‍ ഗ്രാമവാസികൾ.
ട്രെയിൻ തട്ടിയാണ് മൂന്ന് വര്‍ഷം മുൻപ് ആനയ്ക്ക് പരിക്കേൽക്കുന്നത്. അന്ന് തൊട്ട് മരണം വരെ ആന കലിയാബോര്‍ ഗ്രാമത്തിലെ അംഗമായിരുന്നു, അവരിലൊരാളായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കാലത്ത് ഏത് നേരവും ആനയ്ക്ക് ചുറ്റും ഗ്രാമവാസികളുണ്ടാവും. കേരളത്തിൽ തൃശ്ശൂരിലെ ആനപ്രേമികളെ ഓര്‍മ്മ വരുന്നുണ്ടോ? സമാനമായിരുന്നു കലിയാബോര്‍ ഗ്രാമത്തിലെ കാഴ്ചയും.
ആനയ്ക്ക് വിശപ്പടക്കാൻ, മുറിവിന് മരുന്ന് വയ്ക്കാൻ, വെള്ളം കൊടുക്കാൻ എല്ലാത്തിനും ഗ്രാമവാസികള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. ബുര്‍ഹ ബാബ (വൃദ്ധ സന്യാസി) എന്ന പേരും നൽകി. മുറിവുണങ്ങിയ ആന കാട്ടിലും ഗ്രാമത്തിലുമായി കഴിഞ്ഞു. ഒരിക്കലും ഗ്രാമവാസികളെ ആക്രമിച്ചില്ല. ഗ്രാമത്തോട് ചേര്‍ന്ന് തേങ്കാബാരി എന്ന സ്ഥലത്താണ് കൊമ്പനെ ചരിഞ്‌ഞ നിലയിൽ കണ്ടെത്തിയത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam