പുതിയ തൊഴിൽ നിയമങ്ങൾ പ്രകാരം മൊത്ത ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമാകുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമെന്ന ആശങ്കകൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം മറുപടി നൽകി.
ദില്ലി: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ, മൊത്ത ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നിശ്ചയിക്കുന്നതോടെ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ എന്ന ആശങ്കയിലായിരുന്നു പല ജീവനക്കാരും. എന്നാൽ, ഈ ആശങ്കകൾക്ക് മറുപടിയായി കേന്ദ്ര തൊഴിൽ മന്ത്രാലയം രംഗത്തെത്തി. പിഎഫിൽ അടയ്ക്കുന്ന തുക നിയമപരമായി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന ശമ്പളം 15,000 രൂപ എന്ന പരിധിയെ അടിസ്ഥാനമാക്കിയാണ്. അതിന് മുകളിൽ വരുന്ന അടിസ്ഥാന ശമ്പളമുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനത്തിൽ പിഎഫ് നൽകണമെന്നത് നിര്‍ബന്ധിത നിര്‍ദേശമായി പറയുന്നിന്നില്ല. ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ അതുകൊണ്ട് തന്നെ കുറവുണ്ടാവില്ലെന്ന് മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.
പിഎഫ് കിഴിവ് നിയമപരമായ വേതന പരിധിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, പുതിയ തൊഴിൽ കോഡുകൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയ്ക്കില്ല. പിഎഫ്. കിഴിവുകൾ 15,000 രൂപ എന്ന വേതന പരിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പരിധിക്കപ്പുറമുള്ള വിഹിതം നിർബന്ധമായി അടയ്ക്കേണ്ടതല്ല, മറിച്ച് കമ്പനികളുടെ സ്വമേധയാ തീരുമാനമാണ്, എന്ന് തൊഴിൽ മന്ത്രാലയം എക്സിലെ പോസ്റ്റിൽ അറിയിച്ചു.
കമ്പനിയുടെ മൊത്ത ശമ്പളത്തിൻ്റെ 50 ശതമാനം ബേസിക് പേ ആക്കിയാൽ, പുതുക്കിയ അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ പോലും, പിഎഫ് വിഹിതം വർദ്ധിപ്പിക്കുന്നത് ഈ ജീവനക്കാർക്ക് നിർബന്ധമല്ല. അതുകൊണ്ടുതന്നെ പഴയ അടിസ്ഥാന ശമ്പളത്തിന്റേതിനേക്കാൾ കൂടുതൽ വിഹിതം പിഎഫ് ആയി അടയ്ക്കുന്ന സാഹചര്യം ഇല്ല. തൊഴിലുടമയും ജീവനക്കാരനും സമ്മതിക്കുകയാണെങ്കിൽ, 15,000 രൂപ പരിധിക്ക് മുകളിലുള്ള വേതനത്തിൽ സ്വമേധയാ വിഹിതം നൽകാം, പക്ഷേ നിയമപരമായി അത് നിർബന്ധമല്ല. ഇതിനർത്ഥം, പുതിയ തൊഴിൽ കോഡുകൾ പ്രകാരം പിഎഫ് വിഹിതം വർദ്ധിപ്പിക്കാനുള്ള അധികാരം ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉണ്ടായിരിക്കുമെന്നാണ്.


