
ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ വീണ്ടും ജമ്മു കശ്മീരിൽ പ്രതിഷേധം. ഷിയ വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കശ്മീർ താഴ്വരയിലുടനീളം വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, തുടർച്ചയായ മൂന്നാം ദിവസവും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മൊബൈൽ ഇന്റർനെറ്റ് വേഗതയും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും തടയാൻ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടന്ന ഇടങ്ങളിലും സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ഖമനെയിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം അരങ്ങേറിയ ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവർ പ്രദേശം പൂർണ്ണമായും അടച്ചു. 2019 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരിൽ ഇത്രയും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്.
വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സത്യം പറയുന്നതിൽ നിന്നും തന്നെ തടയാൻ എഫ്‌ഐആറിന് കഴിയില്ലെന്നും സർക്കാർ അംഗീകരിച്ച അനുശോചനം വായിക്കാനല്ല ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും റുഹുള്ള മെഹ്ദി പ്രതികരിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ ലെഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കണമെന്നും ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ലെഫ്. ഗവർണർ നിർദ്ദേശിച്ചു. സമാധാനം നിലനിർത്താൻ സമൂഹത്തിലെ നേതാക്കളും പൗരന്മാരും സഹകരിക്കണമെന്ന് അദ്ദേഹം എക്സിലൂടെ അഭ്യർത്ഥിച്ചു.
വടക്കൻ കശ്മീരിലെ സംബാൽ, പട്ടാൻ മേഖലകളിൽ ചൊവ്വാഴ്ച നടന്ന പ്രതിഷേധങ്ങൾ പിന്നീട് അക്രമത്തിലേയ്ക്ക് വഴിമാറിയിരുന്നു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് ബലം പ്രയോഗിക്കേണ്ടി വന്നു. പലയിടത്തും കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam