
ഭുവനേശ്വർ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒഡിഷയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ദയാനിധി ബാഗ് ആണ് തലസ്ഥാനമായ ഭുവനേശ്വറിൽ വെച്ച് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇയാളെ ഭവാനിപറ്റ്ന പ്രത്യേക വിജിലൻസ് കോടതി ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുമെന്ന് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഉദ്യോഗസ്ഥന്റെ താമസ സ്ഥലത്തും ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളിലുമെല്ലാം വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അറിയപ്പെടുന്ന വരുമാന മാർഗങ്ങളിലൂടെ സമ്പാദിക്കാനാവുന്നതിലും കൂടുതൽ സമ്പത്ത് ഇയാൾക്ക് സ്വന്തമായുണ്ടെന്ന് ആരോപിച്ച് സംസ്ഥാന വിജിലൻസിന് പരാതികൾ ലഭിച്ചതോടെയായിരുന്നു നടപടികളെല്ലാം. വിജിലൻസ് റെയ്ഡിൽ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. രണ്ട് കെട്ടിടങ്ങൾ, ഒരു ഫ്ലാറ്റ്, 84 ഏക്കർ ഭൂമി, 312 ഗ്രാം സ്വർണം, 58 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം, ഒരു ബിനാമി കാർ തുടങ്ങിയവയൊക്കെ കണ്ടെത്തിയതായി വിജിലൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നേരത്തെ വാട്ടർഷെഡ് ഡിപ്പാർട്ട്മെന്റിൽ പ്രൊജക്ട് ഡയറക്ടറായും ഇയാൾ പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ 23 കുളങ്ങൾ നിർമിച്ചതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ഇക്കഴിഞ്ഞ മേയ് മാസത്തിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിലെ നാല് പേർ പിന്നാലെ അറസ്റ്റിലായി. തുടർന്ന് വിജലൻസ് വകുപ്പ് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് മുൻ പ്രൊജക്ട് ഡയറക്ടറിലേക്കും അന്വേഷണം നീണ്ടത്.