
ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയിലെ ഒരു വനിതാ ജയിൽ ഉദ്യോഗസ്ഥ, കൊലപാതക കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ച മുൻ തടവുകാരനെ വിവാഹം കഴിച്ചു. ജയിലിനുള്ളിൽ ആരംഭിച്ച ബന്ധം ഒടുവിൽ വിവാഹത്തിൽ കലാശിക്കുകയായിരുന്നു. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂണാണ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ധർമേന്ദ്ര സിങ്ങിനെ വിവാഹം കഴിച്ചത്. ജയിലിൽ വാറണ്ട് ഇൻ-ചാർജായി ജോലി ചെയ്യുന്നതിനിടെയാണ് ധർമ്മേന്ദ്ര സിങ്ങിനെ ഫിറോസ കണ്ടുമുട്ടിയത്. ഛത്തർപൂർ ജില്ലയിലെ ചാന്ദ്‌ല നിവാസിയായ സിംഗ്, 2007-ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു.
ജയിലിൽ കഴിഞ്ഞ സമയത്ത്, വാറണ്ട് സംബന്ധമായ ജോലികളിൽ സിംഗ് ജയിൽ അധികൃതരെ സഹായിച്ചിരുന്നുവെന്നും, അതുവഴി ഖത്തൂണുമായി പതിവായി ബന്ധപ്പെടാൻ സാധിച്ചുവെന്നും റിപ്പോർട്ടുണ്ട്. പ്രൊഫഷണൽ ബന്ധം ക്രമേണ സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി. നല്ലനടപ്പിന്റെ പേരിൽ, 14 വർഷത്തെ ജയിൽവാസത്തിന് ശേഷം നാല് വർഷം മുമ്പാണ് സിംഗ് മോചിതനായത്. മോചിതനായ ശേഷം, ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. മെയ് 5 ന് ഛത്തർപൂർ ജില്ലയിലാണ് വിവാഹം നടന്നത്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങ് നടന്നത്.
ഫിറോസയുടെ കുടുംബാംഗങ്ങളുടെ പിന്തുണ വിവാഹത്തിന് ലഭിച്ചില്ല.വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയും ആചാരപരമായ 'കന്യാദാനം' നടത്തി. ബജ്‌റംഗ്ദൾ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സത്‌ന സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, തടവുകാർ എന്നിവരും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam