
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ നീക്കങ്ങൾക്കൊടുവിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം ഔദ്യോഗികമായി പിരിഞ്ഞു. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ദേശീയ തലത്തിലുള്ള 'ഇന്ത്യ' മുന്നണി തന്നെ ഇല്ലാതായെന്ന് ഡിഎംകെ പ്രഖ്യാപിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് മുതിർന്ന നേതാവ് ടി കെ എസ്. ഇളങ്കോവൻ തുറന്നടിച്ചു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, 108 സീറ്റുകൾ നേടിയ വിജയ്‍യുടെ പാർട്ടിക്ക് 5 എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതാണ് സഖ്യം തകരാൻ കാരണമായത്.
കോൺഗ്രസിന്‍റെ ഈ കടുത്ത രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ഡിഎംകെ എംഎൽഎമാരുടെ അടിയന്തര യോഗം ചേർന്ന് നാല് നിർണ്ണായക പ്രമേയങ്ങൾ പാസാക്കി. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നും പഴയ സ്വഭാവം അവർ ഇപ്പോഴും മാറ്റിയിട്ടില്ലെന്നും പ്രമേയത്തിൽ പറയുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്ന അതേ സമീപനമാണ് കോൺഗ്രസ് തമിഴ്‌നാട്ടിൽ ഡിഎംകെയോട് കാട്ടിയതെന്നും പ്രമേയത്തിലൂടെ പാർട്ടി ആരോപിച്ചു. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ യോഗം ചുമതലപ്പെടുത്തി.
അതേസമയം, സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ എന്നിവരുടെ നിലപാടും ചർച്ചയായിട്ടുണ്ട്. ഇവർക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും ആരെയും ഡിഎംകെ നിർബന്ധിക്കില്ലെന്നും ഇളങ്കോവൻ വ്യക്തമാക്കി. കോൺഗ്രസ് ഹൈക്കമാൻഡ് തമിഴ്‌നാട് ഘടകത്തെ നിയന്ത്രിച്ചില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ഡിഎംകെ വിരുദ്ധ പ്രസ്താവനകൾ നടത്തിയവരെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പാർട്ടി ആരോപിക്കുന്നു. വിജയ്‍യുടെ പാർട്ടിയുമായി കൈകോർക്കാനുള്ള കോൺഗ്രസിന്റെ നീക്കം ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam