തഷിഗാങ്, 15256 അടി; 49 വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥ‍ര്‍ ഈ മല താണ്ടും

By Web TeamFirst Published Mar 27, 2019, 4:42 PM IST
Highlights

സമുദ്രനിരപ്പിൽ നിന്ന് 15256 അടി ഉയരത്തിലുളള തഷിഗാങാണ് ലോകത്തെ ഏറ്റവും ഉയരത്തിലുളള പോളിങ് സ്റ്റേഷൻ

ഷിംല: ഹിമാലയത്തിന്റെ മലനിരകൾക്കിടയിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ചെറുപട്ടണം, അതാണ് തഷിഗാങ്. ഒരു ചെറിയ ഗ്രാമം എന്നതിലുപരിയായി വിലപ്പെട്ടൊരു വിശേഷണം ഈ ഗ്രാമത്തെ ഇക്കുറി തേടിയെത്തി. ഇന്ത്യൻ ജനാധിപത്യം അതിന്റെ മഹോത്സവത്തിനൊരുങ്ങുമ്പോൾ ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുളള പോളിങ് സ്റ്റേഷൻ എന്ന നേട്ടമാണ് തഷിഗാങിനെ തേടിയെത്തുന്നത്.

മറ്റൊരു നാടിനും തകര്‍ക്കാൻ സാധിക്കാത്തൊരു റെക്കോഡാണിത്.  സമുദ്രനിരപ്പിൽ നിന്ന് 15256 അടി ഉയരത്തിൽ കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് പോളിങ് സാമഗ്രികളുമായി ഇക്കുറി ഉദ്യോഗസ്ഥരെത്തും.  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ലോക്സഭാ മണ്ഡലമായ മാണ്ടിയിലാണ് തഷിഗങ് ഉൾപ്പെടുന്നത്. 17 അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് മാണ്ടി ലോക്സഭാ മണ്ഡലം.  ഹിമാചൽ പ്രദേശിലെ സ്പീറ്റി താഴ്വരയിലെ ഏറ്റവും ഉയരത്തിലുളള ഗ്രാമമെന്ന നേട്ടവും തഷിഗങിനാണ്.

ഹിമാചലിലെ തന്നെ ഹിക്കിം പോളിങ് സ്റ്റേഷന്റെ റെക്കോഡാണ് തഷിഗാങ് തട്ടിയെടുത്തത്. സമുദ്രനിരപ്പിൽ നിന്ന് 14400 അടി ഉയരത്തിലാണ് ഹിക്കിം. എന്നാൽ ഇക്കുറി കൂറേക്കൂടി ഉയരത്തിലേക്ക് മല കയറാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. 

വെറും 49 വോട്ടര്‍മാരാണ് ഈ പോളിങ് ബൂത്തിൽ വോട്ട് ചെയ്യേണ്ടത്. അതിൽ 78 കാരിയായ റിഗ്ജിൻ അടക്കം 20 സ്ത്രീകൾ. കനത്ത മഞ്ഞുമഴ കാരണം തീ‍ര്‍ത്തും ഒറ്റപ്പെട്ട് കിടക്കുന്ന ആറ് കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെയുളളത്. മഞ്ഞ് മാറി റോഡുകള്‍ വൃത്തിയായി കഴിഞ്ഞാൽ ഇവിടേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സംഘം യാത്ര തുടങ്ങും.

മെയ് 19 നാണ് തഷിഗങിൽ വോട്ടെടുപ്പ് നടക്കുക. തഷിഗങിന് പുറമെ ഗീതി വില്ലേജിലെ ആളുകളും ഈ പോളിങ് സ്റ്റേഷനിലാണ് വോട്ട് ചെയ്യാനെത്തുക. ഗീതിയിലായിരുന്നു ആദ്യം പോളിങ് ബൂത്തൊരുക്കാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് ഇത് മാറ്റി തഷിഗങിൽ തന്നെയാക്കി. ഇവിടെ നിന്ന് 29 കിലോമീറ്റര്‍ മാത്രമാണ് ഇന്തോ-ചൈന അതിര്‍ത്തിയിലേക്കുളള ദൂരം. 

മെയ് 19 ന് മുൻപ് കാലാവസ്ഥ മെച്ചപ്പെടുമെന്നും പിന്നീട് ഗ്രാമത്തിലേക്ക് അധികം പ്രയാസമില്ലാതെ സഞ്ചരിക്കാമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. മൊബൈൽ ഫോണിന് റേഞ്ച് കിട്ടാത്ത തഷിഗഞ്ചിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചാവും ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് നടത്തുക.

click me!