
മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്) പിക്നിക് സ്പോട്ടല്ലെന്ന മുന്നറിയിപ്പുമായി മുംബൈ പൊലീസ്. പാലത്തില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുംബൈ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമൊന്നും അടല്‍ സേതുവില്‍ പ്രവേശനമില്ല. വിലക്ക് ലംഘിച്ച് പാലത്തിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവർക്കെതിരെ ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാലത്തില്‍ നടന്ന നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. അടല്‍ സേതുവില്‍ കാണാനുള്ളതുണ്ട്. പക്ഷേ പാലത്തില്‍ വാഹനം നിര്‍ത്തിയിട്ട് ഫോട്ടോ എടുക്കുന്നത് നിയമലംഘനമാണ്. അങ്ങനെ ചെയ്താല്‍ കേസെടുക്കും. അടൽ സേതു 21.8 കിലോമീറ്റർ നീളമുള്ള പിക്‌നിക് സ്പോട്ടല്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
അപകട സാധ്യതയുള്ളതിനാലാണ് പാലത്തില്‍ വാഹനം നിര്‍ത്തിയിടരുതെന്ന് പറയുന്നതെന്ന് മുംബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കി. പട്രോളിംഗ് വാഹനങ്ങൾ സ്ഥിരമായി പാലത്തിലുണ്ടാകുമെന്നും ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടിയെടുക്കുമെന്നും ജോയിന്‍റ് കമ്മീഷണര്‍ പ്രവീണ്‍ പഡ്‍വാൾ പറഞ്ഞു. പാലത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും വേഗ പരിധി മണിക്കൂറിൽ 40 കിലോമീറ്റര്‍ ആയിരിക്കണം. പാലത്തിലൂടെ 100 കി.മീ വേഗതയില്‍ സഞ്ചരിക്കാം. വഴിയിലുള്ള സ്പീഡോമീറ്ററുകളില്‍ വേഗ പരിധി കവിഞ്ഞാൽ പിഴ വിധിക്കും. സെല്‍ഫിയോ ഫോട്ടോയോ എടുക്കാന്‍ അടല്‍ സേതു പാലത്തില്‍ വാഹനം നിര്‍ത്തരുത്. പാലത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എല്‍. കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. നിലവില്‍ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ട്. കാറിന് 250 രൂപയാണ് ടോൾ.
മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതി. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. കഴിഞ്ഞ മാസമാണ് നിര്‍മാണം പൂര്‍ത്തിയായത്. അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനായി ഉണ്ടാക്കിയ ചെറു സമാന്തര പാലം നിലനിര്‍ത്തും. ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമായി ആ പാലത്തെ മാറ്റും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam