
മുംബൈ: ഏറ്റവും നീളം കൂടിയ കടൽപാലമെന്ന നിലയിൽ ശ്രദ്ധ പിടിച്ച് പറ്റുന്ന ട്രാൻസ്ഹാർബർ ലിങ്കിലൂടെ സഞ്ചരിച്ച വാഹനങ്ങളിൽ നിന്ന് ടോളായി ലഭിച്ചത് ഒമ്പത് കോടി രൂപ. ജനുവരി 13നും 28നും ഇടയിലുള്ള കണക്കാണിത്. നാലര ലക്ഷം വാഹനങ്ങളാണ് ഇതുവഴി കടന്നു പോയത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപാലമായ മുംബൈ അടൽസേതു ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജനുവരി 12നാണ് ഉദ്ഘാടനം ചെയ്തത്.
22 കിലോമീറ്റർ നീളമുള്ള പാലം തുറന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങി. രണ്ട് പതിറ്റാണ്ടിന്റെ വികസന സ്വപ്നമാണ് യാഥാർഥ്യമായത്. ഗതാഗതക്കുരുക്കിൽ അമർന്ന് നവിമുംബൈയിലേക്കുള്ള ദുരിത യാത്ര ദക്ഷിണ മുംബൈക്കാർ മറന്ന് തുടങ്ങിയിട്ടുണ്ട്. പാലത്തിന്റെ ആകെ ദൂരം 22 കിലോമീറ്ററാണ്. കടലിലൂടെ മാത്രം 16.5 കിലോമീറ്റർ നീളമുണ്ട്.
എഞ്ചിനീയറിങ് വിസ്മയമാണ് അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായത്. നവി മുംബൈയിലേക്ക് മാത്രമല്ല പുനെ, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും യാത്രാസമയത്തിലും പുതിയപാലം കുറവ് വരുത്തുന്നുണ്ട്. ഈ വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമ സഭാതെരെഞ്ഞെടുപ്പിലും പാലം ചർച്ചയാകുമെന്നുറപ്പ്. സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എല്‍.
കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ട്. കാറിന് 250 രൂപയാണ് ടോൾ. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതി. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനായി ഉണ്ടാക്കിയ ചെറു സമാന്തര പാലം നിലനിര്‍ത്തും. ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമായി ആ പാലത്തെ മാറ്റും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam