
ഷിംല : സമുദ്രോപരിതലത്തില്‍ നിന്ന് 3000 അടി ഉയരത്തില്‍ ഏറ്റവും നീളത്തില്‍ നിര്‍മ്മിച്ച തുരങ്കപാത സെപ്തംബറില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ദൂരത്തില്‍ 46 കിലോമീറ്റര്‍ ദൂരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ തുരങ്കപാത. അടല്‍ തുരങ്കം എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പാത സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ വ്യക്തമാക്കി.
8.8 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണുള്ളത്. സംസ്ഥാനത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമാകും ഈ തുരങ്കമെന്നാണ് മുഖ്യമന്ത്രി നിരീക്ഷിക്കുന്നത്. ഈ തുരങ്കപാതയെ മുന്‍നിര്‍ത്തി വിസ്റ്റാഡം എന്ന പേരില്‍ വിനോദ സഞ്ചാരികള്‍ക്കായി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ നയതന്ത്ര പ്രാധാന്യമുള്ള റോഹ്താംഗ് പാസിലെ തുരങ്കപാതയ്ക്ക് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്പേയിയുടെ 95ാം ജന്മദിനത്തിലാണ് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്.
എല്ലാ കാലവസ്ഥയിലും മണാലിയില്‍ നിന്ന് ലേയിലേക്ക് എത്താന്‍ സഹായിക്കുന്നതാണ് ഈ പാത. മഞ്ഞ് കാലങ്ങളില്‍ രാജ്യത്തിന്‍റെ അതിര്‍ത്തി മേഖലയിലേക്കുള്ള സഞ്ചാരത്തില്‍ നിര്‍ണായക പങ്ക് ഈ തുരങ്കപാതയ്ക്ക് വഹിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam